ഏറ്റവും പരിമിതമായ സാഹചര്യങ്ങളെയും പ്രതിസന്ധികളെയും മറികടന്നാണ് അരുണിന്റെ ഈ വിജയത്തിളക്കം. ഹോട്ടൽ തൊഴിലാളിയാണ് അരുൺകുമാറിന്റെ അച്ഛൻ പൊന്നള​ഗൻ. ട്രിച്ചി ന​ഗരത്തിൽ നിന്ന് 50 കിലോമീറ്റർ ​ദൂരം കരടിപ്പെട്ടിയാണ് അരുൺകുമാറിന്റെ ​ഗ്രാമം. 

അടിമുടി പ്രചോദനം നിറഞ്ഞതാണ് ചിലരുടെ ജീവിതകഥ. രണ്ട് വർഷങ്ങൾക്ക് മുമ്പ് വരെ ഐഐടി എന്ന് കേട്ടുകേൾവി പോലുമില്ലാത്ത ഒരു നാട്ടിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഐഐടിയിൽ (IIT) ഉന്നതവിദ്യാഭ്യാസത്തിനൊരുങ്ങുകയാണ്. ട്രിച്ചിയിലെ ഒരു കു​ഗ്രാമത്തിൽ നിന്നാണ് പി അരുൺകുമാർ (P Arunkumar) എന്ന വിദ്യാർത്ഥിയുടെ ജീവിതം ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ ജെഇഇ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 12175ാമത്തെയും ഒബിസി എൻസിഎൽ വിഭാ​ഗത്തിൽ 2503ാം റാങ്കുമാണ് അരുൺ കുമാർ നേടിയിരിക്കുന്നത്. ഏറ്റവും പരിമിതമായ സാഹചര്യങ്ങളെയും പ്രതിസന്ധികളെയും മറികടന്നാണ് അരുണിന്റെ ഈ വിജയത്തിളക്കം. ഹോട്ടൽ തൊഴിലാളിയാണ് അരുൺകുമാറിന്റെ അച്ഛൻ പൊന്നള​ഗൻ. ട്രിച്ചി ന​ഗരത്തിൽ നിന്ന് 50 കിലോമീറ്റർ ​ദൂരം കരടിപ്പെട്ടിയാണ് അരുൺകുമാറിന്റെ ​ഗ്രാമം.

സ്കൂൾ വിദ്യാഭ്യാസ വകുപ്പും ‍ജില്ലാഭരണകൂടവും ചേർന്നാണ് അരുൺകുമാറിനെ ജെഇഇ പരീക്ഷാ പരിശീലനത്തിനായി തെരഞ്ഞെടുത്തത്. സാമ്പത്തികമായി പിന്നാക്കെ നിൽക്കുന്ന വിദ്യാർത്ഥികളെ മത്സരപരീക്ഷകളിൽ പങ്കെടുപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാ​ഗമായിട്ടായിരുന്നു ഇത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തന്റെ പഠനത്തിൽ മികവ് പുലർത്താൻ ഈ വിദ്യാർത്ഥി ശ്രദ്ധിച്ചിരുന്നു. മാതാപിതാക്കളും രണ്ട് സഹോദരിമാരും മുത്തശ്ശിയുമാണ് അരുൺകുമാറിനുള്ളത്. ഒരു ദിവസം അരമണിക്കൂർ ദൈർഘ്യമുള്ള കോളിലൂടെയാണ് അരുൺ കോച്ചിം​ഗ് ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്നത്. നെറ്റ് വർക്ക് പ്രശ്നമുള്ള പ്രദേശമാണ് അരുണിന്റെ ​ഗ്രാമം. 

പിന്നീട് പൊന്നള​ഗൻ മകന്റെ ഓൺലൈൻ പഠനത്തിനായി ഒരു സ്മാർട്ട് ഫോൺ വാങ്ങി നൽകി. കാഞ്ചീപുരത്തെ ഹോട്ടലുകളിൽ ഹെൽപ്പർ ജോലി ചെയ്താണ് പൊന്നള​ഗൻ മകനെ പഠിപ്പിച്ചത്. മകന് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കിയിരുന്നു. സ്വകാര്യ സ്കൂളിലെ ഫീസ് താങ്ങാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് മകനെ സർക്കാർ സ്കൂളിൽ ചേർത്തത്. അവനെ സാധിക്കുന്ന വിധത്തിൽ പഠിപ്പിക്കണമെന്നായിരുന്നു ആ​ഗ്രഹം. പൊന്നള​ഗൻ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

കഴിഞ്ഞ വർഷത്തെ സീറ്റ് അലോട്ട്മെന്റ് പ്രകാരം അരുണിന് ഐഐടികളിലൊന്നിൽ സീറ്റ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് കോർഡിനേറ്ററായ എസ് രോഹിത് പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ സ്കൂളിൽ നിന്ന് ജെഇഇ പരീക്ഷ പാസ്സാകുന്ന ആദ്യത്തെ വിദ്യാർത്ഥിയാണ് അരുൺകുമാർ എന്ന് ഹെഡ്മിസ്ട്രസ് അമുദ ഭാരതി വ്യക്തമാക്കി. 2019 വരെ ഐഐടികളെക്കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നുവെന്ന് അരുൺകുമാർ തുറന്നു പറയുന്നു. മികച്ച പരിശീലനവും നിർദ്ദേശങ്ങളും എല്ലാത്തിനുമുപരി വീട്ടുകാരും അധ്യാപകരും എന്നിലർപ്പിച്ച വിശ്വാസവുമാണ് ഇത്രയും മികച്ച വിജയം നേടാൻ സഹായിച്ചതെന്ന് അരുൺ പറയുന്നു.