യുഎസ് ടാക്സേഷൻ രംഗത്ത് കരിയർ ആഗ്രഹിക്കുന്നവർക്കായി അസാപ് കേരള 'എൻറോൾഡ് ഏജന്റ്' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 240 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സാണിത്.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ എൻറോൾഡ് ഏജന്റ് (Enrolled Agent - EA) കോഴ്സിലേക്ക് അസാപ് കേരള (ASAP Kerala) അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് ബിരുദധാരികൾക്കും പ്രഫഷണലുകൾക്കും യുഎസ് ടാക്സേഷൻ മേഖലയിൽ മികച്ച കരിയർ സാധ്യതകൾ തുറന്നുനൽകുന്ന പരിശീലനമാണിത്. നേരത്തെ ഓൺലൈനായി മാത്രം ലഭ്യമായിരുന്ന ഈ കോഴ്സ്, ഇനി മുതൽ എറണാകുളം കളമശ്ശേരിയിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ (CSP) നേരിട്ട് പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഇൻസ്ട്രക്ടർമാരുടെ സഹായത്തോടെ ഓഫ്‌ലൈനായി ക്ലാസുകളിൽ പങ്കെടുക്കാം എന്നതാണ് ഈ ബാച്ചിന്റെ പ്രത്യേകത.

യുഎസിലെ ഫെഡറൽ നികുതി ഭരണ ഏജൻസിയായ ഇന്റേണൽ റവന്യൂ സർവീസിനു (IRS) മുന്നിൽ നികുതിദായകരെ പ്രതിനിധീകരിക്കാൻ അനുമതിയുള്ള ഉദ്യോഗസ്ഥരാണ് എൻറോൾഡ് ഏജന്റുമാർ. കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനികളിലും (MNCs) കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഈ പ്രഫഷണലുകൾക്ക് വലിയ തൊഴിൽ സാധ്യതകളാണുള്ളത്. യുഎസ് ടാക്സ് നിയമങ്ങളിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർട്ടിഫിക്കേഷൻ മികച്ചൊരു മുതൽക്കൂട്ടാകും.

മൊത്തം 240 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സ് ആറു മാസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി അസാപ് കേരളയുടെ നേതൃത്വത്തിൽ സ്കിൽ ലോൺ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കൊമേഴ്സ് പശ്ചാത്തലമുള്ളവർക്കും ഈ മേഖലയിൽ വൈദഗ്ധ്യം നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ ഓഫ്‌ലൈൻ പരിശീലനം പ്രയോജനപ്പെടുത്താവുന്നതാണ്.

കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന ഓഫ്‌ലൈൻ ബാച്ചിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 9995288833 എന്ന നമ്പറിലോ asapkerala.gov.in എന്ന വെബ്‌സൈറ്റോ സന്ദർശിക്കാവുന്നതാണ്.