​ഗുവാഹത്തി: സംസ്ഥാനത്തെ ഹയർസെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയ പെൺകുട്ടികൾക്ക് സ്കൂട്ടർ വാങ്ങി നൽകാൻ തീരുമാനിച്ച് അസം സർക്കാർ. മികച്ച മാർക്കോടെ ഹയർ സെക്കന്ററി അവസാന വർഷ പരീക്ഷ പാസ്സായ 22000 പെൺകുട്ടികൾക്ക് സ്കൂട്ടർ വാങ്ങി നൽകാനാണ് തീരുമാനം. അസം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വർഷം ഒക്ടോബർ 15 നകം സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സ്കൂട്ടർ വാങ്ങി നൽകുമെന്ന് ഹിമന്ത ശർമ്മ പറഞ്ഞു.

സെബാഓൺലൈൻ ഡോട്ട് ഒആർജി എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിക്കും. സ്കൂട്ടി ആവശ്യമുള്ള പെൺകുട്ടികൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാനുള്ള അവസരമുണ്ട്. രജിസ്ട്രേഷൻ ചെലവ് വിദ്യാർത്ഥികൾ വഹിക്കേണ്ടി വരും. ഇങ്ങനെ ലഭിക്കുന്ന വാഹനങ്ങൾ മൂന്നു വർഷത്തേയ്ക്ക് വിൽക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പിൽ വരുത്തുന്നതിനായി 40 അം​ഗങ്ങളുടെ ഉന്നത തല ​കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. 

ഈ കമ്മറ്റിയെ വിവിധ ഉപ​ഗ്രൂപ്പുകളായി വിഭജിക്കും. അസ്സമിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ശുപാർശകൾ തയ്യാറാക്കും. ഈ വർഷം അവസാനത്തോടെ ദേശീയ വിദ്യാഭ്യാസ നയം അസമിൽ നടപ്പിക്കാനുള്ള ചട്ടക്കൂട് തയ്യാറാക്കുമെന്നും ഹിമന്ത ശർമ്മ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കോളേജുകളിലും ബിരുദ സീറ്റുകളിൽ 25 ശതമാനം വർദ്ധനവ് നടപ്പിലാക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.