ടൂറിസം ക്ലബ്ബിലെ അംഗങ്ങളായ അതിഥിയും റിഥിനും പഠനത്തോടൊപ്പം പുതിയ സംരംഭം ആരംഭിക്കുകയായിരുന്നു.
തിരുവനന്തപുരം: ടൂറിസം ക്ലബ്ബിൽ നിന്നും സംരംഭകരായി മാറി വിദ്യാർത്ഥികൾ. അതിഥി, റിഥിൻ എന്നിവരാണ് പഠനത്തിനൊപ്പം പുതിയ സംരംഭത്തിന് തുടക്കമിട്ടത്. കേരള ടൂറിസത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ക്യാമ്പസിലെ ടൂറിസം ക്ലബ്ബിലെ അംഗങ്ങളാണ് ട്രാവൽ ആൻഡ് ടൂറിസം മൂന്നാം വർഷ വിദ്യാർത്ഥിനിയായ അതിഥിയും രണ്ടാം വർഷ വിദ്യാർത്ഥിയായ റിഥിനും. ഇരുവരുടെയും കഠിനാധ്വാനത്തെ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിനന്ദിച്ചു. ഇരുവർക്കും അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഒരു കുറിപ്പും ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ടൂറിസം ക്ലബ്ബ് എന്ന ആശയം നടപ്പിലാക്കുമ്പോൾ എന്താണോ ലക്ഷ്യം വെച്ചത്, അത് അർത്ഥവത്താവുകയാണ്..
ഇത്, ടൂറിസം ക്ലബ്ബിൽ നിന്നും സംരംഭകരായി മാറിയ
അതിഥിയുടെയും റിഥിൻ്റെയും കഥ..
കേരള ടൂറിസത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ക്യാമ്പസിലെ ടൂറിസം ക്ലബ്ബിലെ അംഗങ്ങളാണ് ട്രാവൽ ആൻഡ് ടൂറിസം മൂന്നാം വർഷ വിദ്യാർത്ഥിനിയായ അതിഥിയും രണ്ടാം വർഷ വിദ്യാർത്ഥിയായ റിഥിനും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സംരംഭം തുടങ്ങാൻ ടൂറിസം ക്ലബ്ബ് മുഖേന അവസരം ലഭിച്ചപ്പോൾ ആദ്യം മുന്നോട്ട് വന്നവരാണിവർ. അവരുടെ ആശയത്തിന് ടൂറിസം ക്ലബ്ബ് എല്ലാവിധ പിന്തുണയും നൽകിയതോടെ പഠനത്തിനൊപ്പം അവർക്കൊരു വരുമാനവുമായി. അവരുടെ പുതിയ സംരംഭത്തിന് ഇന്ന് ആവശ്യക്കാർ ഏറെയാണ്.
നാളെയുടെ ശിൽപികളാകേണ്ട വിദ്യാർത്ഥികളെ കേരളാ ടൂറിസത്തിന്റെ അംബാസഡർമാരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കോളേജുകളെ കോർത്തിണക്കി ടൂറിസം ക്ലബ്ബുകൾ ആരംഭിച്ചത്. വിനോദസഞ്ചാര മേഖലയിലേക്ക് പുതിയ തലമുറയെ ആകർഷിക്കാനും അതിനെ നല്ല വരുമാനമാർഗമായി ഉപയോഗപ്പെടുത്താൻ അവരെ പ്രാപ്തരാക്കാനുമൊക്കെ ലക്ഷ്യമിട്ടു തുടങ്ങിയ ടൂറിസം ക്ലബ്ബുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനത്തിലും നൂതനമായ വികസനപദ്ധതികൾ നടപ്പാക്കുന്നതിനുമെല്ലാം മുൻകയ്യെടുക്കുന്നുണ്ട്. സംസ്ഥാനത്ത് 523 കോളേജുകളിൽ ടൂറിസം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.
ഒരു ടൂറിസം കേന്ദ്രം ഏറ്റെടുത്ത് അവിടുത്തെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ടൂറിസം കേന്ദ്രത്തിൽ സംരംഭം തുടങ്ങാനും ക്ലബ്ബ് അംഗങ്ങൾക്ക് അവസരമുണ്ട്. ടൂറിസം വകുപ്പിന്റെ വിവിധ പരിപാടികളിലൂടെ ചെറിയ വരുമാനവും വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുന്നുണ്ട്. ടൂറിസം ക്ലബ്ബിൽ നിന്ന് ഒരു സംരംഭം ഉയർന്നുവരുന്നതും വിദ്യാർത്ഥികൾ അതിൽ വിജയം കാണുന്നതും ഏറെ സന്തോഷകരമായ കാര്യമാണ്. കഠിനാധ്വാനികളായ അതിഥിയെയും റിഥിനെയും പ്രത്യേകം അഭിനന്ദിക്കുന്നു..


