യോഗ്യതാ മാനദണ്ഡങ്ങൾ, ആവശ്യമായ രേഖകൾ, അപേക്ഷാ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയാം. 

ദില്ലി: വിദേശ രാജ്യങ്ങളിൽ പഠിക്കുക, ജോലി ചെയ്യുക, താമസിക്കുക തുടങ്ങിയ ആഗ്രഹങ്ങൾ പലര്‍ക്കുമുണ്ടാകും. ചെറിയ പ്രായത്തിൽ തന്നെ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ, വെറും 7,500 രൂപ ഉണ്ടെങ്കിൽ ഒരു വര്‍ഷം ജര്‍മ്മനിയിൽ ജോലി ചെയ്യാനും താമസിക്കാനും അവസരം ലഭിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഭവം സത്യമാണ്.

യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിലുള്ളവർക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിസയാണ് ജർമ്മനിയുടെ ഫ്രീലാൻസ് വിസ അഥവാ ഫ്രീബെറുഫ്ലർ വിസ. ഒരു തൊഴിലുടമയുടെ ജോബ് ഓഫർ ആവശ്യമില്ലാതെ തന്നെ ജർമ്മനിയിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന വിസയാണിത്. പരമ്പരാഗത തൊഴിൽ കരാറുകളുടെ പരിമിതികളില്ലാതെ വിദേശത്ത് ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെയേറെ ​ഗുണം ചെയ്യും. വെറും €75 ആണ് (ഏകദേശം 7,486 രൂപ) വിസ ഫീസ്. 3 വർഷം വരെ വിസ നീട്ടാനും സാധിക്കും.

വിദ്യാഭ്യാസം, മീഡിയ, ആരോഗ്യം, നിയമം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനാണ് ജർമ്മനി ഫ്രീലാൻസ് വിസ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിലെ പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ സ്വതന്ത്രമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഒരു പ്രത്യേക സ്വയം തൊഴിൽ വിസയാണിത്. ഇന്ത്യയിലെ ജർമ്മൻ മിഷനുകൾ പറയുന്നത് അനുസരിച്ച് ജർമ്മൻ ഇൻകം ടാക്സ് നിയമത്തിലെ സെക്ഷൻ 18-ൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങളിൽ ഒന്നിൽ നിങ്ങളുടെ തൊഴിൽ ഉൾപ്പെട്ടാൽ നിങ്ങൾക്ക് ഫ്രീലാൻസ് വിസയ്ക്ക് യോഗ്യത ലഭിച്ചേക്കാം.

  • ശാസ്ത്രജ്ഞർ
  • ഗവേഷകർ
  • കലാകാരന്മാർ
  • സംഗീതജ്ഞർ
  • അധ്യാപകർ
  • അഭിഭാഷകർ
  • നോട്ടറിമാർ
  • ടാക്സ് കൺസൾട്ടന്റുകൾ
  • എഞ്ചിനീയർമാർ
  • ആർക്കിടെക്റ്റുകൾ
  • പത്രപ്രവർത്തകർ
  • ഫോട്ടോ ജേണലിസ്റ്റുകൾ
  • വിവർത്തകർ
  • പൈലറ്റുമാർ
  • ഫിസിയോതെറാപ്പിസ്റ്റുകൾ
  • മെഡിക്കൽ പ്രൊഫഷണലുകൾ
  • സാമ്പത്തിക വിദഗ്ധർ
  • കൺസൾട്ടന്റുമാർ

ജർമ്മനിയുടെ ഫ്രീലാൻസ് വിസ അപേക്ഷയ്ക്ക് ആവശ്യമായവ:

  • കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നൽകിയതും കുറഞ്ഞത് 2 ഒഴിഞ്ഞ പേജുകളുള്ളതുമായ സാധുവായ ഒരു പാസ്‌പോർട്ട്.
  • നിങ്ങൾക്ക് പ്രതിമാസം കുറഞ്ഞത് €1,280 (1,27,800 രൂപ) വരുമാനം നേടാൻ കഴിയുമെന്ന് തെളിയിക്കണം.
  • ജർമ്മനിയിൽ സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ്.
  • സർവകലാശാല ബിരുദം പോലെയുള്ള അക്കാദമിക് യോഗ്യതകളുടെ തെളിവ് നൽകണം.
  • ജർമ്മനിയിലോ യൂറോപ്യൻ യൂണിയനിലോ ഉള്ള ക്ലയന്റുകളിൽ നിന്നുള്ള ഫ്രീലാൻസ് പ്രോജക്റ്റ് കരാറുകൾ.
  • ഫ്രീലാൻസ് പ്രോജക്റ്റിന്റെ വിശദമായ വർക്ക് പ്ലാൻ.
  • നിങ്ങളുടെ സിവി.
  • പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.
  • 45 വയസ്സിനു മുകളിൽ പ്രായമുണ്ടെങ്കിൽ അധിക പെൻഷൻ / വിരമിക്കൽ ഫണ്ടിന്റെ തെളിവ്.

ഇന്ത്യയിൽ നിന്ന് ജർമ്മനിയുടെ ഫ്രീലാൻസ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

  • നാഷണൽ ഡി വിസ അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രിന്റ് എടുക്കുക.
  • നിങ്ങളുടെ അടുത്തുള്ള ജർമ്മൻ എംബസിയിലോ കോൺസുലേറ്റിലോ അപ്പോയിന്റ്മെന്റ് എടുക്കുക.
  • രേഖകൾ എംബസിയുടെ ഭാഷാ, ഫോർമാറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • നിങ്ങളുടെ അപേക്ഷയും ബയോമെട്രിക് ഡാറ്റയും എംബസിയിൽ സമർപ്പിക്കുക.
  • അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ നാഷണൽ ഡി വിസ 3 മുതൽ 6 മാസം വരെ സാധുതയുള്ളതായിരിക്കും.

ജർമ്മനിയിൽ എത്തിയതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ വിലാസം രജിസ്റ്റർ ചെയ്യുക. തുടര്‍ന്ന്, ദീർഘകാല ഫ്രീലാൻസറുടെ താമസ പെർമിറ്റിന് അപേക്ഷിക്കുക.