തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ ന്യൂജൻ കോഴ്സുകൾ അനുവദിച്ചപ്പോൾ ബയോകെമിസ്ട്രിയെ തഴഞ്ഞെന്ന ആരോപണവുമായി ഒരുകൂട്ടം വിദ്യാർത്ഥികൾ.. സംസ്ഥാനത്തെ കോളജുകളിൽ ബയോകെമിസ്ട്രി ബിരുദ കോഴ്സുകൾ ചില കോളജുകളിൽ നിലവിലുണ്ടെങ്കിലും ഉപരിപഠനത്തിന് സർക്കാർ കോളജുകളിൽ അവസരമില്ലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് എം.എസ്.സി ബയോകെമിസ്ട്രി കോഴ്സ് സർക്കാർ മേഖലയിൽ ഇല്ലാത്തതിനാൽ ഈ സബ്ജക്ട് പഠിക്കുന്ന വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കേ വിദേശ രാജ്യങ്ങളിലേക്കോ പഠനത്തിനായി പോകേണ്ട സാഹചര്യമാണ് നിലിവിലുള്ളത്. എന്നാൽ അതിനുള്ള സാമ്പത്തിക സാഹചര്യം ഇല്ലാത്തവർ ബിരുദ പഠനം കൊണ്ട് അവസാനിപ്പിക്കുകയോ അല്ലെങ്കിൽ മറ്റ് വിഷയങ്ങളിലേക്ക് തിരിയുകയോ ചെയ്യുന്ന സാഹചര്യമാണ് നിലവിലുളളതെന്നും ഇവർ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ 47 സർക്കാർ കോളജുകളിലായി 49 കോഴ്സുകളാണ് പുതുതായി അനുവദിച്ചത്. ഇതിൽ തന്നെ അഞ്ച് കോളജുകളിൽ പൊളിറ്റിക്കൽ സയൻസും ആറ് കോളജുകളിൽ ഇംഗ്ലീഷും ആറ് കോളജുകളിൽ കൊമേഴ്സും അഞ്ച് കോളജുകളിൽ ഇക്കണോമിക്സും മൂന്ന് കോളജുളിൽ ചരിത്രവുമാണ് അനുവദിച്ചത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അനുവദിച്ച എം.എസ്.സി സ്റ്റാറ്റിറ്റിക്സ്, എറണാകുളം മഹാരാജാസ് കോളജിൽ അനുവദിച്ച എം.എസ്.സി ഇന്റഗ്രേറ്റഡ് സൈക്കോളജി, കണ്ണൂർ ഗവൺമെന്റ് വിമൻസ് കോളജിൽ അനുവദിച്ച എം.എസ്.സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി എന്നിവയാണ് പുതിയ കോഴ്സുകളിൽ സയൻസ് വിഷയങ്ങളുള്ളത്. ഇതിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിലവിൽ എം.എസ്.സി സ്റ്റാറ്റിറ്റിക്സ് കോഴ്സ് പഠിപ്പിക്കുന്നുമുണ്ട്. 

സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ ബയോകെമിസ്ട്രിയിൽ എം.എസ്.സി വേണമെന്ന ആവശ്യം കാലങ്ങളായി ഈ സബ്ജക്ട് പഠിക്കുന്ന വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്. എന്നാൽ പലപ്പോഴും ഈ വിഷയത്തെ തഴയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് ഉൾപ്പെടെ കാലങ്ങളായി ഈ വിഷയത്തിൽ പിജി കോഴ്സ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ബിഎസ്.സി ബയോകെമിസ്ട്രി ഈ കോളജിൽ ഉള്ളതിനാൽ അനുയോജ്യമായ ലാബും മറ്റ് എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി കോളജിൽ എത്തി നേരിട്ട് രണ്ട് കോഴ്സുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് കേരളത്തിൽ ഒരു സർക്കാർ കോളജിലും അവസരമില്ല. ഇതിന് മാറ്റമുണ്ടാകണം എന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.  ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്. ഇതിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനവും അയച്ചിട്ടുണ്ട്.