Asianet News MalayalamAsianet News Malayalam

ഫുട്‍വെയർ ഡിസൈനിം​ഗിൽ താത്പര്യമുണ്ടോ? ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് ജൂണ്‍ 15 വരെ അപേക്ഷ

ഫുട്‌വെയര്‍, ലെതര്‍ ഗുഡ്‌സ്, ഡിസൈന്‍, ഫാഷന്‍, ഫൈന്‍ ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍, ടെക്‌നോളജി എന്നിവയിലൊന്നില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് എം.ഡിസിനും ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് എം.ബി.എ.ക്കും അപേക്ഷിക്കാം.

can apply for footwear designing course
Author
Delhi, First Published Feb 28, 2021, 9:01 AM IST


ദില്ലി: വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സ്വയംഭരണ സ്ഥാപനമായ ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.) ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോയിഡ, ഫര്‍സത്ഗന്‍ജ്, ചെന്നൈ, കൊല്‍ക്കത്ത, റോഹ്തക്, ജോധ്പൂര്‍, ഛിന്ദ്‌വാര, ഗുണ, അങ്കലേശ്വര്‍, പട്‌ന, ഹൈദരാബാദ്, ചണ്ഡീഗഢ് കാമ്പസുകളിലായിട്ടാണ് ഡിസൈന്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ മേഖലകളിലെ പ്രോഗ്രാമുകള്‍ നടത്തുന്നത്.

ബിരുദതലത്തില്‍ ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഗുഡ്‌സ് ആന്‍ഡ് അക്‌സസറീസ് ഡിസൈന്‍ എന്നീ സവിശേഷമേഖലകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.), റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസില്‍ ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ.) പ്രോഗ്രാമുകള്‍ ലഭ്യമാണ്. പ്ലസ്ടു/തുല്യ പരീക്ഷയോ, എ.ഐ.സി.ടി.ഇ. അംഗീകൃത മൂന്നുവര്‍ഷ ഡിപ്ലോമയോ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായം 1.7.2021ന് 25.

ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്.), റിട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസ് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) എന്നിവയാണ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍. ഫുട്‌വെയര്‍, ലെതര്‍ ഗുഡ്‌സ്, ഡിസൈന്‍, ഫാഷന്‍, ഫൈന്‍ ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍, എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍, ടെക്‌നോളജി എന്നിവയിലൊന്നില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് എം.ഡിസിനും ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് എം.ബി.എ.ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല.

ജൂലായ് നാലിന് നടത്തുന്ന ഓള്‍ ഇന്ത്യ സെലക്ഷന്‍ ടെസ്റ്റ് (എ.ഐ.എസ്.ടി.) അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ബാച്ചിലര്‍ പ്രോഗ്രാം പരീക്ഷയ്ക്ക് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, വെര്‍ബല്‍ എബിലിറ്റി, ജനറല്‍ അവയര്‍നസ്, ബിസിനസ് ആപ്റ്റിറ്റിയൂഡ്, ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് എന്നിവ അളക്കുന്ന ചോദ്യങ്ങള്‍ ഉണ്ടാകും.

മാസ്റ്റേഴ്‌സ് പ്രോഗ്രാം പരീക്ഷയ്ക്ക് ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലിഷ് കോംപ്രിഹന്‍ഷന്‍, ജനറല്‍ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്‌സ്, മാനേജ്‌മെന്റ്് ആപ്റ്റിറ്റിയൂഡ്, അനലറ്റിക്കല്‍ എബിലിറ്റി എന്നിവയിലെ ചോദ്യങ്ങള്‍ ഉണ്ടാകും. മാറ്റ് സ്‌കോര്‍ ഉള്ളവരെ എം.ബി.എ. പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയേക്കാം. അപേക്ഷ https://applyadmission.net/fddi2021 വഴി ജൂണ്‍ 15 വരെ നല്‍കാം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Follow Us:
Download App:
  • android
  • ios