Asianet News MalayalamAsianet News Malayalam

സ്‌കോൾ കേരള പ്ലസ് വൺ പ്രവേശനം; ഓൺലൈൻ രജിസ്‌ട്രേഷൻ 12 മുതൽ; ഉയർന്ന പ്രായപരിധിയില്ല

സ്വയംപഠനസഹായികളും, ലാബ് സൗകര്യവും, പൊതു അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസ്സുകളും ഈ വിഭാഗം വിദ്യാർത്ഥികൾക്ക് ലഭിക്കും. 
 

can apply for plus one admission at scole kerala
Author
Trivandrum, First Published Oct 10, 2020, 8:43 AM IST

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേനയുള്ള ഹയർ സെക്കണ്ടറിതല കോഴ്‌സുകളിൽ 2020-22 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട്  III) വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.

ഓപ്പൺ റെഗുലർ വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിൽ ഉൾപ്പെടെ പ്രാക്ടിക്കൽ ഉള്ള, തെരഞ്ഞെടുത്ത സബ്ജക്റ്റ് കോമ്പിനേഷനുകളിൽ രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുത്ത സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളുകളാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുക. സ്വയംപഠനസഹായികളും, ലാബ് സൗകര്യവും, പൊതു അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസ്സുകളും ഈ വിഭാഗം വിദ്യാർത്ഥികൾക്ക് ലഭിക്കും. 

ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗത്തിൽ തെരഞ്ഞെടുത്ത കോമ്പിനേഷനുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളിൽ പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാം. സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ, ഹയർ സെക്കൻഡറി കോഴ്‌സ് ഒരിക്കൽ വിജയിച്ച വിദ്യാർത്ഥിക്ക് മുൻ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷൻ (പാർട്ട്  III) തെരഞ്ഞെടുത്ത് നിബന്ധനകളോടെ അപേക്ഷ സമർപ്പിക്കാം.

12 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ നവംബർ അഞ്ച് വരെയും 60 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. www.scolekerala.org  മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇന്റർനെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാർഡ് മുഖേന ഫീസടക്കാം. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് ഒറ്റ ഘട്ടമായി ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും. 

ഓഫ് ലെയിൻ പെയ്‌മെന്റ് മോഡ് (പോസ്റ്റ് ഓഫീസ് വഴിയുള്ള പെയ്‌മെന്റ്) തെരഞ്ഞെടുക്കുന്നവർ രജിസ്‌ട്രേഷൻ രണ്ട് ഘട്ടങ്ങളായാണ് പൂർത്തീകരിക്കേണ്ടത്. ഓഫ് ലെയിൻ പെയ്‌മെന്റിൽ ഫീസടയ്ക്കുന്നതിന് ജനറേറ്റ് ചെയ്ത് ലഭ്യമാകുന്ന ചെലാൻ ഉപയോഗിച്ച് സംസ്ഥാനത്തെ ഏതെങ്കിലുമൊരു പോസ്റ്റ് ഓഫീസിൽ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫീസ് വിവരങ്ങൾക്കും, രജിസ്‌ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രോസ്‌പെക്ടസിനും സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

ഈ വർഷം അപേക്ഷകൾ ജില്ലാ ഓഫീസുകളിൽ നേരിട്ട് സ്വീകരിക്കില്ല. ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേഡ് തപാൽ മാർഗ്ഗം അയച്ചുതരണം. ഫോൺ: 0471-2342950, 2342271.

Follow Us:
Download App:
  • android
  • ios