Asianet News MalayalamAsianet News Malayalam

എല്ലാ സ്കൂളുകളിലും പ്രഭാത ഭക്ഷണ പരിപാടി നടപ്പിലാകുമോ? ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്

ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരണവും, പ്രഭാത ഭക്ഷണ ആക്ഷൻ പ്ലാനും

Can breakfast program be implemented in all schools in kerala Education Department to prepare action plan ppp
Author
First Published Sep 18, 2023, 1:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പ്രഭാത ഭക്ഷണ പരിപാടി നടക്കുന്ന ചുരുക്കം സ്കൂളുകൾക്ക് പുറമെ നിരവധി സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി ശിവൻകുട്ടി. പിടിഎ, എസ്എംസി, പൂർവ്വ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു. 

നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പന്ത്രണ്ടായിരത്തി നാൽപത് (12,040) സ്‌കൂളുകളിൽ രണ്ടായിരത്തി നാന്നൂറോളം സ്‌കൂളുകളിൽ നിലവിൽ പ്രഭാത ഭക്ഷണ പദ്ധതി നടന്നു വരുന്നുണ്ട്. എല്ലാ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തിലാണ് പദ്ധതി നടക്കുന്നത്. അതേസമയം,  എറണാകുളം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സഹായത്തോടെ മൂന്ന് നിയോജക മണ്ഡലങ്ങളിൽ (കളമശ്ശേരി, എറണാകുളം, കൊച്ചി) ഈ പദ്ധതി നടപ്പിലാക്കി വരുന്നു. 

കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, സന്നദ്ധ സംഘടനകളുടേയും, പൂർവ്വ വിദ്യാർത്ഥി സംഘടനകളുടേയും സഹായത്തോടെ പ്രഭാത ഭക്ഷണ പദ്ധതി കൂടുതൽ സ്‌കൂളുകളിലേക്ക്  വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.  സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും പ്രഭാത ഭക്ഷണ പരിപാടി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് വരികയാണ്. 

Read more: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ കുട്ടികൾക്കുള്ള ഭക്ഷണ പദ്ധതിയ്ക്ക് ലഭിക്കുന്നുണ്ട്. അത് ഇനിയും തുടരുമെന്ന് ഉറപ്പാണ്. ഒപ്പം തന്നെ വൻകിട കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് കുട്ടികളുടെ ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേർക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കും.  ഇത് സംബന്ധിച്ച് ഒരു ആക്ഷൻ പ്ലാൻ തന്നെ വകുപ്പ് തയ്യാറാക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ്‌ ഐ എ എസിന് ആക്ഷൻ പ്ലാൻ ചുമതലയെന്നും മന്ത്രി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios