Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9,10,11,12,13 ( 9-13)  തീയതികളിലേക്കാണ് മാറ്റിയത്.

sslc higher secondary exam date 2023 kerala declared apn
Author
First Published Sep 18, 2023, 12:20 PM IST | Last Updated Sep 18, 2023, 12:40 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും. പരീക്ഷാ വിജ്ഞാപനം ഒക്‌ടോബറിൽ പുറപ്പെടുവിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും. ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും. ഫെബ്രുവരി 19 മുതൽ 23 വരെ എസ്എസ്എൽസി മോഡൽ പരീക്ഷ നടത്തും. ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. 

 +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി

ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9,10,11,12,13 ( 9-13)  തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ്‌ സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു. 

എസ്.എസ്.എൽ.സി. പരീക്ഷയുടെ ടൈംടേബിൾ 


2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1
മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്
മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം
മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2
മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്
മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്
മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി
മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി
മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്
ഐ.റ്റി. പരീക്ഷ - 2024 ഫെബ്രുവരി 1 മുതൽ 14 വരെ (10 ദിവസം) 

നിപ സാഹചര്യം, കോഴിക്കോട്ട് ഓൺലൈൻക്ലാസ്

നിപയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ അടിയന്തര സാഹചര്യത്തെ അഭിമുഖീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിധത്തിലും സജ്ജമാണ്. സാഹചര്യങ്ങൾക്ക് അനുസരിച്ച് അടിയന്തിര യോഗങ്ങൾ ചേർന്ന് തീരുമാനങ്ങൾ കൈക്കൊണ്ട് നടപ്പാക്കുന്നുണ്ട്. നൂറ് ശതമാനം വിദ്യാലയങ്ങളിലും ഇന്ന് മുതൽ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 
പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ജി - സ്യൂട്ട് സംവിധാനം ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കാനായി എല്ലാ അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാലയങ്ങൾ സ്വന്തമായി അനുയോജ്യമായ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തി എല്ലാ കുട്ടികൾക്കും പഠനസൗകര്യം ഒരുക്കാൻ വേണ്ട നടപടികൾ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തും. ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാരുടെയും പ്രത്യേക ഓൺലൈൻ യോഗങ്ങൾ വിളിച്ചു ചേർത്തു നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർഥികൾക്കായി സ്‌പെഷ്യൽ എജ്യൂക്കേറ്റർമാരുടെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ ക്ലാസുകളും വീഡിയോകളും തയ്യാറാക്കി ലഭ്യമാക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. 
വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ചഡാറ്റകൾ ശേഖരിക്കുകയും എല്ലാദിവസവും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അവലോകനം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അഡീഷണൽ ഡയറക്ടർ ഷൈൻ മോൻ കോഴിക്കോട് ക്യാമ്പ് ചെയ്ത് സാഹചര്യം വിലയിരുത്തും.

Latest Videos
Follow Us:
Download App:
  • android
  • ios