‍തൃശ്ശൂർ: സംസ്ഥാനത്ത് എക്സൈസ് സേനയില്‍ ഒഴിവുകള്‍ നിലനില്‍ക്കുമ്പോഴും പി എസ് സി റാങ്ക് ലിസ്റ്റിലുളളവര്‍ ഇപ്പോഴും പടിക്ക് പുറത്ത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂൺ 19 ന് തീരാനിരിക്കെ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

ലോക്ക് ഡൗണ്‍ കാലത്ത് എക്സൈസ് കേസുകളില്‍ വൻ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വ്യാജവാറ്റ് നിര്‍മ്മാണവും കഞ്ചാവ് വില്‍പനയും കൂടിയിരിക്കുന്നു. എന്നാല്‍, വകുപ്പില്‍ നിലവില്‍ സിവിൽ എക്സൈസ് ഓഫീസര്‍മാരുടെ 200 ഓളം ഒഴിവുകളാണുളളത്. 2018 ഡിസംബർ മുതൽ വകുപ്പിൽ ഇൻസ്പെക്ടർമാർക്കും അ‌സിസ്റ്റന്റ് ഇൻസ്പെക്ടർമാർക്കും സ്ഥാനക്കയറ്റം നൽകിയിട്ടില്ല. ഇതുമൂലം പ്രിവന്റീവ് ഓഫീസർമാർക്കും സിവിൽ എക്സൈസ് ഓഫീസർമാർക്കും ലഭിക്കേണ്ട സ്ഥാനക്കയറ്റവും നിശ്ചലാവസ്ഥയിലാണ്. 

ഉദ്യോഗസ്ഥര്‍ രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യമുളളപ്പോഴാണ് 2019ലെ റാങ്ക് ലിസ്റ്റിലുള്ള മൂവായിരത്തോളം പേര്‍ ജോലി ലഭിക്കാതെ പുറത്തിരിക്കുന്നതെന്നാണ് പരാതി. വകുപ്പില്‍ നിയമനങ്ങള്‍ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുസംഘടനയായ കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷനും സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.