പരിപാടിയില്‍ വിവിധ ഊരുകളില്‍ നിന്നായി നൂറോളം ആദിവാസികള്‍ പങ്കെടുത്തു. 44 പേരെ പരിപാടിയില്‍ വെച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി. 

വയനാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ (District Employment Exchange) ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ സിജി ഹാളില്‍ നടത്തിയ ട്രൈബല്‍ സ്‌പെഷ്യല്‍ കരിയര്‍ ഇവന്റ് (Tribal Special Career Event) സമന്വയ ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഗോത്ര വര്‍ഗ്ഗ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനുമായി ട്രൈബല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഗ്രാജ്വേറ്റ് ട്രൈബല്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ വിവിധ ഊരുകളില്‍ നിന്നായി നൂറോളം ആദിവാസികള്‍ പങ്കെടുത്തു. 44 പേരെ പരിപാടിയില്‍ വെച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി. പി.എസ്.സി വണ്‍ടൈം രജിസ്‌ട്രേഷന്‍ സൗജന്യമായി നടത്തുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. പി.എസ്.സി രജിസ്‌ട്രേഷന്‍, റെയില്‍വേ, ബാങ്കിങ് സര്‍വ്വീസ്, സൈനിക സേവനം മുതലായ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പട്ടിക വിഭാഗത്തിനുളള പ്രത്യേക അവസരങ്ങളും പോലീസ്, എക്‌സൈസ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റിലേക്കുളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റുകളും വിശദീകരിച്ചുകൊണ്ടുളള തൊഴില്‍മാര്‍ഗ നിര്‍ദേശ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും സ്ഥിരം ജോലി ലഭിച്ച ദുര്‍ബല ഗോത്ര വിഭാഗത്തിലെ ഉദേ്യാഗസ്ഥരുടെ അനുഭവം പങ്ക് വെക്കലും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചടങ്ങില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹംസ.സി അധ്യക്ഷത വഹിച്ചു. ദുര്‍ബല ഗോത്രവിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന ആദ്യത്തെ വെറ്റിനറി ഡോക്ടര്‍ ഡോ.അഞ്ജലി ഭാസ്‌ക്കരന്‍ മുഖ്യാതിഥിയായി.