ദില്ലി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കാന്‍ സി.ബി.എസ്.ഇ. ഹെല്‍പ്പ്ലൈന്‍ ആരംഭിച്ചു. 1800 11 8004 എന്ന നമ്പറില്‍ ഈ മാസം 31 വരെ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ പരിശീലനം ലഭിച്ച ട്രെയിനര്‍മാരുടെ സേവനം ലഭിക്കും. രോഗം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍, വീട്ടില്‍ ഒഴിവുസമയം ഫലപ്രദമായി ചെലവഴിക്കാനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവ ലഭിക്കുമെന്ന് ബോര്‍ഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു. 

രാജ്യത്ത് കൊവിഡ് 19 വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ എല്ലാ പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്. മുൻകരുതലിന്റെ ഭാ​ഗമായിട്ടാണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനമായത്. സിബിഎസ്‍ഇ, ഐസിഎസ്ഇ, എസ്എസ് എൽസി തുടങ്ങിയ കേന്ദ്ര സംസ്ഥാനതലത്തിൽ നടത്താനിരുന്ന പരീക്ഷകൾ, മത്സരപ്പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.