തിരുവനന്തപുരം: അപേക്ഷയിൽ അവകാശപ്പെടുന്ന തത്തുല്യമോ ഉയർന്നതോ ആയ യോഗ്യതകൾ അംഗീകൃതമാണെന്നു തെളിയിക്കുന്നവരെമാത്രം പരീക്ഷയെഴുതാൻ അനുവദിക്കുന്ന പരിഷ്കാരം പി.എസ്.സി. നടപ്പാക്കുന്നു. നിലവിൽ റാങ്ക്പട്ടിക തയ്യാറാക്കുന്നതിനു മുമ്പുവരെ യോഗ്യതാ രേഖകൾ സമർപ്പിക്കാൻ അനുമതി നൽകിയിരുന്നു. ഇത് റാങ്ക്പട്ടികകൾ വൈകാൻ കാരണമാകുന്നതായി പരാതിയുണ്ട്.

പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ച് 10 ദിവസത്തിനകം രേഖകൾ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം. അതിനുശേഷമേ പരീക്ഷയെഴുതാൻ ഉറപ്പ് നൽകാനാകൂ. സർക്കാർ പ്രഖ്യാപിച്ച അടച്ചിടലിൽ പി.എസ്.സി. ഓഫീസുകൾ പ്രവർത്തിക്കേണ്ടതിന്റെ മാർഗരേഖ യോഗം ചർച്ചചെയ്ത് അംഗീകരിച്ചു. ഗ്രേഡ് 1, 2 വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും ഓഫീസിലെത്തണം. ബാക്കിയുള്ളവരിൽ മൂന്നിലൊന്നുപേരെ ഊഴമനുസരിച്ച് നിയോഗിച്ച് ജോലികൾ പൂർത്തിയാക്കണം.

മൂല്യനിർണയം, റാങ്ക്പട്ടിക-ചുരുക്കപ്പട്ടിക തയ്യാറാക്കൽ, നിയമനശുപാർശ എഴുതൽ തുടങ്ങിയ ജോലികളാണു നിർവഹിക്കേണ്ടത്. രേഖാപരിശോധന, അഭിമുഖം തുടങ്ങിയ പൊതുജന സമ്പർക്കമുള്ള ജോലികൾ ഒഴിവാക്കണം. കെ.എ.എസ്. പ്രാഥമിക പരീക്ഷയുടെ മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും യോഗം നിർദേശംനൽകി.