ദില്ലി: ഉദ്യോഗാര്‍ഥികള്‍ക്ക് 2020ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ അപേക്ഷ പിന്‍വലിക്കാനുള്ള അവസരം നല്‍കി യു.പി.എസ്.സി. upsconline.nic.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 18 വരെ ഇതിനുള്ള ലിങ്ക് ആക്ടീവ് ആയിരിക്കും. അപേക്ഷ പിന്‍വലിച്ചാലും ഫീസ് തിരികെ നല്‍കില്ല. മേയ് 31നാണ് പ്രിലിമിനറി പരീക്ഷ.

എന്തെങ്കിലും കാരണത്താല്‍ പരീക്ഷ എഴുതേണ്ടെന്ന് വെക്കുന്നവര്‍ക്ക് അപേക്ഷ പിന്‍വലിക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. മറ്റുപരീക്ഷകള്‍ക്ക് നേരത്തെ ഇത്തരം സംവിധാനം ഒരുക്കിയിരുന്നെങ്കിലും ആദ്യമായാണ് സിവില്‍ സര്‍വീസസ് അപേക്ഷ പിന്‍വലിക്കാനുള്ള അവസരം യു.പി.എസ്.സി നല്‍കുന്നത്.

അപേക്ഷ പിന്‍വലിക്കാനുള്ള അവസരം നല്‍കുന്നതിലൂടെ പരീക്ഷാ നടത്തിപ്പിനുള്ള ചെലവ് കുറയ്ക്കുകയെന്നതാണ് യു.പി.എസ്.സിയുടെ പ്രാഥമിക ഉദ്ദേശ്യം. 10 ലക്ഷത്തിലേറെപ്പേര്‍ അപേക്ഷിക്കുന്ന സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് എഴുതാനെത്തുന്നത് ഇതില്‍ പകുതിയോളം ഉദ്യോഗാര്‍ഥികള്‍ മാത്രമാണ്. ഇത് യു.പി.എസ്.സിക്ക് വന്‍തോതില്‍ പാഴ്ച്ചെലവ് സൃഷ്ടിക്കുകയും ചെയ്യുന്നു.

2018-19 വര്‍ഷത്തില്‍ സിവില്‍ സര്‍വീസസ്, ഡിഫന്‍സ് സര്‍വീസസ് ഉള്‍പ്പടെ 14 പരീക്ഷകളാണ് യു.പി.എസ്.സി നടത്തിയത്. ഇതില്‍ രജിസ്റ്റര്‍ ചെയ്ത ആകെ ഉദ്യോഗാര്‍ഥികളില്‍ 52 ശതമാനം പേര്‍ മാത്രമാണ് പരീക്ഷയെഴുതിയത്. ആകെ രജിസ്റ്റര്‍ ചെയ്ത 30,35,783 ഉദ്യോഗാര്‍ഥികളില്‍ 15,72,977 പേരാണ് പരീക്ഷയ്ക്ക് എത്തിയത്. സിവില്‍ സര്‍വീസസിന് അപേക്ഷിച്ച 10,65,552 പേരില്‍ 5,00,484 പേര്‍ പരീക്ഷയെഴുതി.

എന്‍ജിനീയറിങ് സര്‍വീസസ്, മെഡിക്കല്‍ സര്‍വീസസ് എന്നിവയ്ക്ക 45.64 ശതമാനവും എന്‍.ഡി.എ., സി.ഡി.എസ് പരീക്ഷയ്ക്ക് 60.2 ശതമാനവുമാണ് ഹാജര്‍നില. നന്നായി തയ്യാറെടുപ്പു നടത്താത്തവര്‍ക്ക് അപേക്ഷ പിന്‍വലിക്കാന്‍ അവസരം നല്‍കുമ്പേള്‍ ശേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച രീതിയില്‍ പരീക്ഷാ കേന്ദ്രങ്ങളൊരുക്കാന്‍ കഴിയുമെന്നും കമ്മീഷന്‍ കണക്കുകൂട്ടുന്നു.