ഒന്നര വര്‍ഷം മുമ്പ് കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി ക്യാമ്പസില്‍ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ സ്ഥാപനവും.

കൊട്ടാരക്കര: അന്താരാഷ്ട്ര ഐ.ടി കമ്പനിയായ സോഹോ കോർപ്പറേഷന്റെ കൊട്ടാരക്കരയിലെ ആർ & ഡി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൊട്ടാരക്കര സോഹോയില്‍ ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കും. വന്‍നഗരങ്ങള്‍ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴില്‍നൈപുണ്യമുള്ളവരുടെ സേവനം ഐ.ടി മേഖലയില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടാണ് പദ്ധതി കേരളത്തില്‍ എത്തിച്ചത്. റോബോട്ടിക്‌സ്, നിര്‍മിതബുദ്ധി മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതു സംരംഭങ്ങളുടെ പ്രവര്‍ത്തനം. ഒന്നര വര്‍ഷം മുമ്പ് കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ സ്ഥാപനവും.

യുവജനങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും നൈപുണ്യ വിടവ് നികത്തുന്നതിനും കമ്പനി ഒരു ഇന്റേണ്‍ഷിപ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ആദ്യത്തെ മൂന്ന് മാസത്തേക്ക് പരിശീലനാര്‍ഥികളെ നൈപുണ്യ വികസന കോഴ്‌സിന് വിധേയരാകുന്നു. സ്‌പെഷ്യലൈസേഷനും തിരഞ്ഞെടുക്കാം. സി. സി++, പൈത്തണ്‍ എന്നിവയിലെ കോഡിങ് നിര്‍ബന്ധിത വിഷയങ്ങളാണ്. പരിശീലനത്തിന് ശേഷം ആറ് മാസത്തേക്ക് വിവിധ പ്രോജക്ടുകളില്‍ അവസരം നല്‍കി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ സോഹോയുടെ തൊഴില്‍സേനയില്‍ ചേരും. ഒമ്പത് മാസത്തെ പരിശീലന കാലയളവില്‍ ഇന്റേണുകള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

സോഹോയുടെ ഗവേഷണ വികസന ശേഷികള്‍ റോബോട്ടിക്‌സിലേക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായി അസിമോവ് റോബോട്ടിക്‌സിനെ ഏറ്റെടുത്തു. 2012-ല്‍ സ്ഥാപിതമായ, സര്‍വീസ് റോബോട്ടുകളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളം ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പാണിത്. ഡീപ് ടെക് ഗവേഷണത്തിനായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ആരംഭിക്കുന്ന ഡീപ് ടെക് പ്രോഡക്റ്റ് സ്റ്റുഡിയോയുടെ ആദ്യത്തെ വ്യവസായ പങ്കാളിയാണ് സോഹോ. ഈ സഹകരണം കൂടുതല്‍ പര്യവേഷണം നടത്താന്‍ സഹായിക്കുമെന്നാണ് വിലയിരുത്തൽ.