തിരുവനന്തപുരം: പിഎസ്‍സി സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനി ആറ് ദിവസം മാത്രം ബാക്കി. കഴിഞ്ഞ വർഷം ജൂലൈ 1 നാണ് റാങ്ക് ലിസ്റ്റ് പുറത്ത് വന്നത്. ആയിരക്കണക്കിന് ഉദ്യോ​ഗാർത്ഥികൾ ഇപ്പോഴും ജോലിക്കാര്യത്തിൽ തീരുമാനമാകാതെ പ്രതിസന്ധിയിലാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതികൾ ഉൾപ്പെട്ട ലിസ്റ്റ് നേരത്തെ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 

കുത്തുകേസിൽ അറസ്റ്റിലായതിന് ശേഷമാണ് പ്രതികളായ ശിവരജ്ഞിത്ത്, പ്രണവ്, നസീം എന്നിവർ റാങ്ക് പട്ടികയിൽ ഇടം നേടിയത് പരീക്ഷാ ക്രമക്കേട് നടത്തിയാണെന്ന വിവരം പുറത്ത് വന്നത്. അതിനെ തുടർന്ന് കോടതി ഇടപെട്ട് ഈ ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ നാല് മാസത്തേയ്ക്ക് മരവിപ്പിച്ചിരുന്നു. ക്രമക്കേട് പുറത്ത് വന്നതിനെ തുടർന്ന് ഇവരെ മൂവരെയും പട്ടികയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. 

റാങ്ക് ലിസ്റ്റില്‍ നിന്ന് ആദ്യഘട്ട നിയമനങ്ങൾ മാത്രമേ നടന്നിരുന്നുള്ളൂ. തടസങ്ങള്‍ക്ക് ശേഷം നിയമന ശുപാർശ നൽകിത്തുടങ്ങിയെങ്കിലും കൊവിഡ് വ്യാപനത്തെത്തുടർന്ന് നിയമനങ്ങളൊന്നും തന്നെ പിന്നീട് നടന്നില്ല. ഇതോടെ  ലിസ്റ്റ് അവസാനിക്കാൻ ആറ് ദിവസം മാത്രം ബാക്കി നിൽക്കേ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് ഉദ്യോ​ഗാർത്ഥികൾ. 

''ഞാൻ‌ മെയിൻ‌ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. ഇതുവരെയും നിയമനം ലഭിച്ചിട്ടില്ല. ഞങ്ങളുടേതല്ലാത്ത കാരണത്താൽ ജോലി നിഷേധിക്കുന്നത് എന്തിനാണ്? 2017ലാണ് പരീക്ഷ നടന്നത്. 12 മാസമാണ് ലിസ്റ്റിന്റെ കാലാവധി.  ഞങ്ങളുടെ മൂന്നു വർഷത്തെ അധ്വാനമാണ്, പ്രതീക്ഷകളാണ് ഇല്ലാതായിപ്പോകുന്നത്.

എഴുത്തു പരീക്ഷ വിജയിച്ചു ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് മൂന്നിലൊന്നു  മാത്രമാണ് ഫിസിക്കൽ ടെസ്റ്റും മെഡിക്കൽ ടെസ്റ്റും പാസ്സായി റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കുന്നത്. കേരളമൊട്ടാകെ ഏഴു ബറ്റാലിയനിലേക്കു നിയമനം നടത്തേണ്ട ഈ റാങ്ക് ലിസ്റ്റ്  ആണ് നിലവില്‍ വന്നിട്ടുള്ളത്'' മലപ്പുറം വളാഞ്ചേരി സ്വദേശി അജേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ലിസ്റ്റിലുള്ള മുഴുവൻ ഉദ്യോഗാര്‍ത്ഥികളെയും നിയമിക്കത്തക്ക രീതിയിലുള്ള  ഒഴിവുകൾ നിലവിൽ  സേനയിലുണ്ടെന്നത്  യാഥാർഥ്യമാണ്. പൊലീസിലെ ആൾക്ഷാമം രൂക്ഷമായിട്ട് സന്നദ്ധപ്രവർത്തകരെ പോലീസ് സേനയിൽ എടുക്കുന്ന സ്ഥിതി ഇപ്പോളുണ്ടായിട്ടുണ്ട്. സേനയിലെ ഇന്ന് വരെ  ശേഷിക്കുന്ന മുഴുവൻ റിട്ടയർമെന്റുകളും ട്രാൻസ്ഫർ വേക്കന്സികളും പ്രമോഷൻ വേക്കന്സികളും ഡെപ്യുടേഷൻ വേക്കന്സികളും നികത്താൻ നിലവിലുള്ള റാങ്ക് ലിസ്റ്റിലെ ശേഷിക്കുന്ന മുഴുവൻ ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചാലും തികയാതെ വരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.. 

വിഷയവുമായി ബന്ധപ്പെട്ട് പിഎസ്‍സി ഓഫീസുമായും രാഷ്ട്രീയക്കാരുമായും ബന്ധപ്പെട്ടിരുന്നു. പക്ഷേ ഉദ്യോ​ഗാർത്ഥികൾക്ക് അനുകൂലമായ ഒരു മറുപടി നൽകാൻ ആർക്കും സാധിച്ചിട്ടില്ലെന്നും അജേഷ് വ്യക്തമാക്കുന്നു. ''ജനറൽ വിഭാ​ഗത്തിന് 26 വയസ്സാണ് പ്രായപരിധി. ലിസ്റ്റിൽ ഉൾപ്പെട്ട പലരെയും സംബന്ധിച്ച് ഇത് അവസാനത്തെ ചാൻസാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പോലും സാധ്യമല്ല. കാരണം പത്ത് പേരിൽ കൂടുതൽ ഒത്തുചേർന്നാൽ അത് പ്രശ്നമാകും. ശരിക്കും എന്ത് ചെയ്യണമെന്ന് യാതൊരു രൂപവുമില്ലാത്ത അവസ്ഥയിലാണ് ഞങ്ങൾ. റാങ്ക് പട്ടികയുടെ കാലാവധി എട്ടുമാസം കൂടി നീട്ടിത്തരണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പിഎസ്‍സിയുടെ ജില്ലാ ഓഫീസുകളെ സമീപിച്ചിരിക്കുകയാണ്.'' അജേഷിന്റെ വാക്കുകൾ. 

​ഗൾഫിൽ നിന്നും ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ​ഗം​ഗേഷ് പിഎസ്‍സി പരീക്ഷയെഴുതിയത്.. ''ആറായിരം വേക്കൻസിയുണ്ടെന്നായിരുന്നു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. പക്ഷെ മെയിൽ ലിസ്റ്റിലെ 30 ശതമാനം മാത്രമേ ഇപ്പോഴും നിയമനം നടന്നിട്ടുള്ളു. ആയിരക്കണക്കിന് ഉദ്യോ​ഗാർത്ഥികളാണ് ബാക്കിയുള്ളത്. ഓരോ മാസത്തിലും നിരവധി ഒഴിവുകൾ വരുന്നുണ്ട്. ഇന്നത്തെ കാബിനറ്റിൽ ഈ വിഷയം പരി​ഗണിക്കുന്നുണ്ട്. തീരുമാനം എന്താണെന്ന് അറിഞ്ഞതിന് ശേഷമേ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ റാങ്ക് ലിസ്റ്റ് നീട്ടി വച്ച് അവശേഷിക്കുന്ന നിയമനം നടത്തണമെന്നേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളൂ.'' ​ഗം​ഗേഷ് പറയുന്നു.

''മൂന്ന് വർഷം വരെ കാലാവധിയുള്ള റാങ്കിലിസ്റ്റുകൾ കൊവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവച്ചിട്ടുണ്ട്. എന്നാൽ ഒരു വർഷം മാത്രം കാലാവധിയുള്ള ഈ റാങ്ക് ലിസ്റ്റ് മാത്രം നീട്ടിവയ്ക്കാൻ‌ വിമുഖത കാണിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കൊറോണയും യൂണിവേഴ്സിറ്റി വിഷയവും ആയി ബന്ധപ്പെട്ട് എട്ടുമാസമാണ് ഈ റാങ്ക് ലിസ്റ്റിൽ‌ നഷ്ടപ്പട്ടത്. ആ സമയം അനുവദിച്ച് തരണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. കാബിനറ്റ് തീരുമാനം ഉദ്യോ​ഗാർത്ഥികൾക്ക് അനുകൂലമല്ലെങ്കിൽ പ്രതിഷേധിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തിൽ പത്ത് പേരിൽ കൂടുതൽ കൂട്ടം ചേരാനും കഴിയില്ല. അഞ്ചോ പത്തോ പേർ ചേർന്ന് പ്രതിഷേധിക്കാൻ ഞങ്ങൾ നിർബന്ധിതരാകും. പിഎസ്‍സി ഓഫീസുമായും രാഷ്ട്രീയക്കാരുമായും ബന്ധപ്പെട്ടു. പരി​ഗണിക്കാം എന്ന മറുപടിയാണ് എല്ലാവരും പറഞ്ഞത്.'' നിലമ്പൂർ സ്വദേശിയായ സാനു പറയുന്നു. 

പല വകുപ്പുകളിലും ഉണ്ടായിട്ടുള്ള ഒഴിവുകള്‍ പിഎസ് സിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യമുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇവരെപ്പോലെ ആയിരക്കണക്കിന് ഉദ്യോ​ഗാർത്ഥികളാണ് റാങ്ക് ലിസ്റ്റ് തീരുമാനത്തെ ആശങ്കയോടെ കാത്തിരിക്കുന്നത്. ഈ മാസം ജൂൺ 30ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുകയാണെങ്കിൽ അർഹരായ നിരവധി പേരുടെ അവസരങ്ങളാണ് നഷ്ടമാകുന്നത്. സ്ഥിതിഗതികൾ പരിശോധിച്ച് സർക്കാർ എത്രയും വേഗം നഷ്ടപെട്ട എട്ടുമാസം കൂടി സിവിൽ പോലീസ് റാങ്ക് ലിസ്റ്റിന് അനുവദിച്ചു നിയമന നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് സിവിൽ പോലീസ്  ഉദ്യോഗാർത്ഥികളുടെ സർക്കാരിനോടുള്ള അഭ്യര്‍ത്ഥന.