ദില്ലി: ഒക്ടോബർ നാലിന് നടക്കുന്ന സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ പരീക്ഷാ കേന്ദ്രം മാറ്റാൻ അവസരം. ജൂലായ് ഏഴുമുതൽ 13-ന് വൈകീട്ട് ആറുവരെയും 20 മുതൽ 24-ന് വൈകീട്ട് ആറുവരെയും upsconline.nic.in വഴി പരീക്ഷാകേന്ദ്രം മാറ്റാം. പ്രിലിമിനറിക്കു പുറമെ സിവിൽ സർവീസസ്, ഫോറസ്റ്റ് സർവീസസ് മെയിൻ പരീക്ഷയ്ക്കുള്ള കേന്ദ്രവും മാറ്റാമെന്ന് യു.പി.എസ്.സി. പ്രസ്താവനയിൽ അറിയിച്ചു. 

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന നയത്തിന്റെ അടിസ്ഥാനത്തിലാകും പരീക്ഷാകേന്ദ്രം ലഭിക്കുന്നത്. അപേക്ഷകൾ പിൻവലിക്കാൻ ഓഗസ്റ്റ് ഒന്നുമുതൽ എട്ടുവരെ അവസരമുണ്ട്. ഒരിക്കൽ അപേക്ഷ പിൻവലിച്ചാൽ പരീക്ഷാകേന്ദ്രമാറ്റം പിന്നീട് പരിഗണിക്കില്ല. നേരത്തെ മേയ് 31ന് നടത്താനിരുന്ന പ്രിലിമിനറി പരീക്ഷ കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.