ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഹാജര്‍, അധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകള്‍ എന്നിവ പ്രിന്‍സിപ്പല്‍മാര്‍ സൂക്ഷിക്കണം.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അടുത്ത അധ്യയനവര്‍ഷത്തെ ക്ലാസുകള്‍ ജൂണില്‍ത്തന്നെ ഓണ്‍ലൈനില്‍ ആരംഭിക്കും. ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഹാജര്‍, അധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകള്‍ എന്നിവ പ്രിന്‍സിപ്പല്‍മാര്‍ സൂക്ഷിക്കണം. സര്‍വകലാശാലകള്‍ ഇതു പരിശോധിക്കണം. സിലബസിന്റെ ഓരോ ഭാഗങ്ങളുടെയും വീഡിയോ, ഓഡിയോ അതത് അധ്യാപകര്‍ എടുത്ത് കോളേജിന്റെ വെബ്സൈറ്റില്‍ അപ്​ലോഡ് ചെയ്യണം. സര്‍വകലാശാലകള്‍ കമ്യൂണിറ്റി റേഡിയോ ചാനലുകള്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. ചോദ്യക്കടലാസ് ഓണ്‍ലൈനില്‍ ലഭ്യമാക്കണം.

കോവിഡ് പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉപരിപഠനത്തിനു ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ സീറ്റുകളുടെ എണ്ണം കൂട്ടും. ഗവേഷണ വിദ്യാര്‍ഥികളുടെ ഓപ്പണ്‍ ഡിഫന്‍സ് വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. കേരള, എം.ജി., കെ.ടി.യു., ന്യൂവാല്‍സ്, സംസ്‌കൃതം, കുസാറ്റ്, മലയാളം, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസും പങ്കെടുത്തു.