Asianet News MalayalamAsianet News Malayalam

നീറ്റ് 2020; ചരിത്രവിജയം നേടി ദളിത്-പിന്നാക്കവിഭാ​ഗ വിദ്യാർത്ഥികൾ; 50 ശതമാനത്തിലധികം മാര്‍ക്കുമായി 82 ശതമാനം

നീറ്റ് പരീക്ഷയിൽ വിജയിച്ച ദളിത്, ഒബിസി, പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട 4,92,104 വിദ്യാർത്ഥികളിൽ 4,03,430 വിദ്യാർത്ഥികളും അമ്പത് ശതമാനത്തിന് മുകളിൽ വിജയം നേടി. 81.98 ശതമാനമാണ് ഇത്തവണത്തെ വിജയം. പൊതുവിഭാ​ഗത്തിനായി നിർണ്ണയിച്ചിരുന്ന അതേ കട്ട് ഓഫ് മാർക്ക് തന്നെയാണ് ഈ വിദ്യാർത്ഥികൾക്കും ലഭിച്ചത്. 

Dalit backward students achieve historic success
Author
Delhi, First Published Nov 7, 2020, 1:01 PM IST

ഇത്തവണത്തെ നീറ്റ് പരീക്ഷഫലം എത്തിയപ്പോള്‍ ദളിത്- ട്രൈബൽ മറ്റ് പിന്നാക്ക വിഭാ​ഗങ്ങളിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികള്‍ നേടിയത് ചരിത്ര വിജയമായിരുന്നു.  പരീക്ഷയെഴുതിയ  82 ശതമാനം വിദ്യാർ‌ത്ഥികളും മികച്ച മാര്‍ക്കോടെയാണ്  വിജയം കൈപ്പിടിയിലൊതുക്കിയത്. പിന്നാക്ക വിഭാ​​ഗങ്ങളിൽപ്പെട്ട നാല് ലക്ഷത്തിലധികം കുട്ടികളാണ് പൊതുവിഭാ​ഗത്തിന് നിർണയിച്ചിരുന്ന കട്ട് ഓഫ് മാർക്ക് മറികടന്നത്. സംവരണ വിഭാ​ഗത്തിൽ‌പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നതെന്നും അവര്‍ക്ക് മെറിറ്റിന്‍റെ അഭാവമുണ്ടെന്നുമുള്ള ആരോപണം നിലനിൽക്കേ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നേടിയ മിന്നും വിജയം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. 

നീറ്റ് പരീക്ഷയിൽ വിജയിച്ച ദളിത്, ഒബിസി, പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട 4,92,104 വിദ്യാർത്ഥികളിൽ 4,03,430 വിദ്യാർത്ഥികളും അമ്പത് ശതമാനത്തിന് മുകളിൽ വിജയം നേടി. പരീക്ഷയെഴുതിയ 81.98 ശതമാനം വിദ്യാര്‍ത്ഥികളും അമ്പത് ശതമാനത്തിന് മുകളില്‍ വിജയം നേടിയത് പൊതുവിഭാ​ഗത്തിനായി നിർണ്ണയിച്ചിരുന്ന അതേ കട്ട് ഓഫ് മാർക്ക് മറികടന്നാണ്. 18 ശതമാനം വിദ്യാർത്ഥികൾ നാൽപത് ശതമാനത്തിനും അമ്പത് ശതമാനത്തിനുമിടയില്‍ മാര്‍ക്ക് നേടി. പരീക്ഷ എഴുതിയവരില്‍ 88,674 വിദ്യാർത്ഥികൾക്ക് മാത്രമാണ് ദളിത് പിന്നാക്കവിഭാ​ഗങ്ങൾക്കായി നിർണ്ണയിച്ചിരുന്ന കട്ട് ഓഫ് മാർക്ക് ലഭിച്ചത്. മെറിറ്റടിസ്ഥാനത്തിലല്ല മറിച്ച് സംവരണമൊന്ന് കൊണ്ടാണ് പിന്നാക്കവിഭാ​ഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ മത്സര പരീക്ഷകളില്‍ പ്രവേശനം നേടുന്നത് എന്ന ആരോപണത്തിനുള്ള മറുപടികൂടിയായി നീറ്റ് വിജയ ശതമാനം. 

ദളിത്-ആദിവാസി-മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ജാതിയടിസ്ഥാനത്തില്‍ കട്ട്-ഓഫ് മാർക്കിലെ ഇളവുകൾ ഉപയോഗിച്ച് സംവരണ ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന്‍റെ പേരിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ വിവേചനങ്ങൾ നേരിടുന്നെന്ന് പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൊതു യോഗ്യതാ മാനദണ്ഡത്തെ അടിസ്ഥാനമാക്കി 81.98 വിദ്യാര്‍ത്ഥികള്‍ വിജയം കൊയ്തത്. 

നീറ്റ് പരീക്ഷയെഴുതിയ  13,66,945 വിദ്യാർത്ഥികളിൽ 7,71,500 പേരാണ് യോ​ഗ്യത നേടിയത്. അഖിലേന്ത്യാ തലത്തിൽ 80,000 മെഡിക്കൽ കോളേജ് സീറ്റുകളും 27,000 ഡെന്‍റൽ കോളേജ് സീറ്റുകളുമാണുള്ളത്. അതായത് വിജയശതമാനം ഉയര്‍ന്നാലും സീറ്റുകളുടെ ലഭ്യതയനുസരിച്ച് വിജയിച്ചവരില്‍ വളരെ ചെറിയ ശതമാനത്തിന് മാത്രമേ പ്രവേശനം ലഭിക്കൂ. പൊതുവിഭാഗത്തോടൊപ്പം പരീക്ഷയിൽ യോ​ഗ്യത നേടിയ  4.03 ലക്ഷം എസ് സി, എസ് റ്റി, ഒബിസി, വിദ്യാർത്ഥികൾക്കും ജനറൽ സീറ്റിന് അർഹതയുണ്ട്. 

ഇതാദ്യമായിട്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷയിൽ ഫലം വന്നപ്പോൾ ദളിത്-മറ്റ് പിന്നാക്കവിഭാ​ഗങ്ങളിൽ നിന്നുള്ള 80 ശതമാനം കുട്ടികളും പൊതുവിഭാ​ഗത്തിലെ വിദ്യാർത്ഥികൾക്ക് നിർണ്ണയിച്ച കട്ട് ഓഫ് മാർക്ക് മറികടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാക്കവിഭാ​ഗങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ വിദ്യാഭ്യാസത്തിന്‍റെ  പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചതാണ് ഈ മാറ്റത്തിന് കാരണമെന്ന് അധ്യാപകനും അംബേദ്കറൈറ്റ് പണ്ഡിതനുമായ സുദേഷ് ​ഗോദേറാവോ അഭിപ്രായപ്പെടുന്നു. 

പിന്നാക്ക വിഭാ​ഗങ്ങൾക്കിടയിൽ ഉന്നതവിദ്യാഭ്യാസം ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവർ തിരിച്ചറിഞ്ഞ് തുടങ്ങി. സ്കൂളുകളിൽ നിന്നും എസ് സി, എസ് റ്റി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് അവസാനിച്ചിട്ടുണ്ടെന്നും ​ഗോദേറാവോ പറഞ്ഞു. ദളിത് ആദിവാസി പിന്നാക്കവിഭാ​ഗങ്ങളിൽപ്പെട്ട നിരവധി വിദ്യാർത്ഥികൾ സഹപാഠികളിൽ നിന്നും അധ്യാപകരിൽ ജാതീയമായ അപമാനം നേരിടേണ്ടി വന്ന സാഹചര്യമുണ്ടായിട്ടുണ്ട്. 

ഇത്തരത്തിലെ ജാതീയ അധിക്ഷേപം ചിലരെയെങ്കിലും ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. ഡോ പായൽ തദ്‍വി, രോഹിത് വെമുല എന്നിവര്‍ ഇങ്ങനെ ജാതിയമായ പീഢനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന വിദ്യാര്‍ത്ഥികളാണ്. അതേ സമയം പിന്നാക്കവിഭാ​ഗങ്ങൾ പരീക്ഷയിൽ നേടുന്ന ഉന്നതവിജയം കാമ്പസിലെ വേർതിരിവുകൾ അവസാനിപ്പിക്കുമെന്ന് കരുതുന്നില്ലെന്നു ​ഗോദേറാദോ പറയുന്നു. ​'എന്നിരുന്നാലും പിന്നാക്ക, ദളിത് വിഭാ​ഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ മത്സരപരീക്ഷയിൽ ഉന്നതവിജയം നേടുന്നത് അവരുടെ സമുദായത്തിന്‍റെ മൂലധന വർദ്ധനവിന് കാരണമാകുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം ആ​ഗ്രഹിക്കുന്ന ഇളംതലമുറകൾക്ക് മാർ​ഗ്ഗ നിർദ്ദേശം നൽകാനും അവരെ നയിക്കാനും അവർക്ക് പ്രചോദനമാകാനും ഇവർക്ക് സാധിക്കും.' ​ഗോദേറാവോ അഭിപ്രായപ്പെട്ടു. 

മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ എല്ലാവരും ഇം​ഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചതെന്ന് എഴുത്തുകാരനും ​ഗവേഷകനുമായ കാഞ്ച ഏലയ്യ വെളിപ്പെടുത്തുന്നു. നിലവാരമുള്ള ഇം​ഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിന് സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും. സമൂഹത്തിൽ മാറ്റം ആ​ഗ്രഹിക്കുന്ന സംസ്ഥാനങ്ങൾ അവിടുത്തെ വിദ്യാർത്ഥികൾക്ക് മികച്ച നിലവാരത്തിലുള്ള ഇം​ഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നൽകണമെന്നും നീറ്റ് വിജയശതമാനത്തോട് പ്രതികരിക്കവേ കാഞ്ച ഏലയ്യ പറഞ്ഞു.

Follow Us:
Download App:
  • android
  • ios