ദില്ലി: സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയിൽ‌ ഉന്നത വിജയം നേടിയ മിടുക്കി പെൺകുട്ടിയെ കുറിച്ച് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. സൗത്ത് ഈസ്റ്റ് ദില്ലിയിലെ ജില്ലാ സർക്കാർ സ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുമായി പ്ലസ് ടൂ പാസ്സായ അരീബ ഇർഫാൻ ആണ് ഈ മിടുക്കി. താനാണ് സ്കൂൾ ടോപ്പർ‌ എന്നറഞ്ഞപ്പോൾ അത്ഭുതവും സന്തോഷവും അടക്കാന്‌‍ സാധിച്ചില്ലെന്ന് അരീ​ബ പറയുന്നു. 'എന്തങ്കിലും ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടല്ല പഠിച്ചത്. പ്ലസ് ടൂ ക്ലാസ് ആരംഭിച്ചപ്പോൾ മുതൽ ഞാൻ പഠിക്കാൻ ആരംഭിച്ചു. ഒറ്റയ്ക്കായിരുന്നു പഠനം.' അരീബ പറഞ്ഞു തുടങ്ങുന്നു. 

ദില്ലിയിലെ സർവ്വോദയ കനിയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായിരുന്നു അരീബ ഇർഫാൻ. പഠിക്കുന്ന കാര്യത്തിൽ അധ്യാപകർ തനിക്ക് പ്രത്യേക ശ്രദ്ധ നൽകിയിരുന്നെങ്കിലും പഠനത്തിൽ തന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് മൂത്ത സഹോദരി സോയയാണെന്ന് അരീബ പറയുന്നു. 'ട്യൂഷൻ ക്ലാസുകളിലൊന്നിനും പോയിട്ടില്ല. സ്വയം പഠിക്കുകയായിരുന്നു. എല്ലാ വിഷയവും പഠിക്കാൻ സഹോദരിയാണ് സഹായിച്ചിരുന്നത്. ഇതേ സ്കൂളിൽ തന്നെയാണ് അവളും പഠിച്ചത്. കഴിഞ്ഞ വർഷം ചേച്ചിയായിരുന്നു സ്കൂൾ ടോപ്പർ. പിജിഡിഎവി കോളേജിലാണ് ഇപ്പോൾ സഹോദരി പഠിക്കുന്നത്. പൊളിറ്റിക്കൽ സയൻസാണ് വിഷയം. എന്നാൽ എനിക്ക് പൊളിറ്റിക്കൽ സയൻസിൽ താത്പര്യമില്ല. ഹിസ്റ്ററി പഠിക്കാനാണ് താത്പര്യം.' അരീബ പറയുന്നു. 
 
ദില്ലിയിൽ പ്രിൻിം​ഗ് ബിസിനസ് നടത്തുന്നയാളാണ് അരീബയുടെ അച്ഛൻ ഇർഫാൻ. അരീബയ്ക്ക് ഏഴ് വയസ്സ് പ്രായമുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. പിന്നീട് അരീബയെയും മൂന്ന് സഹോദരിമാരെയും വളർത്തിയത് ഇവരുടെ അച്ഛൻ ഇർഫാനാണ്.  'ഹിസ്റ്ററി പഠിക്കാനാണ് എനിക്ക് ആ​ഗ്രഹം. ഒപ്പം എന്റെ ആ​ഗ്രഹവും അച്ഛന്റെ ആ​ഗ്രഹവും സാധിക്കണം. അധ്യാപികയാകാനാണ് എനിക്കിഷ്ടം. പക്ഷേ എന്നെ ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥയായി കാണാനാണ് അച്ഛൻ ആ​ഗ്രഹിക്കുന്നത്. ഇത് രണ്ടും സാധിക്കാൻ ഞാൻ പരിശ്രമിക്കും.' അരീബയുടെ വാക്കുകൾ.

അരീബയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ടായിരുന്നു മനീഷ് സിസോദിയയുടെ ട്വീറ്റ്. ഐഎഎസ് ഓഫീസറാകാനാണ് അരീബയുടെ ആ​ഗ്രഹമെന്നും അതിൽ അഭിമാനിക്കുന്നുവെന്നും സിസോദിയ ട്വീറ്റിൽ കുറിച്ചു.