Asianet News MalayalamAsianet News Malayalam

സംസ്കൃത സര്‍വ്വകലാശാലയിൽ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്‍റര്‍നാഷണൽ സ്പാ തെറാപ്പി ഡിപ്ലോമ

ആയുര്‍വ്വേദത്തിന്‍റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍, അനാട്ടമി ആന്‍ഡ് ഫിസിയോളജി, ആയുര്‍വ്വേദ പഞ്ചകര്‍മ്മ ചികിത്സകള്‍, വിവിധ സ്പാ തെറാപ്പികള്‍ എന്നിവയാണ് ഈ കോഴ്സിൽ പ്രധാനമായും പഠിപ്പിക്കുന്നത്.  

diploma in ayurveda panchakarma and international spa therapy
Author
Thrissur, First Published Jul 6, 2022, 4:23 PM IST

തൃശൂർ: സംസ്കൃത സർവ്വകലാശാലയിൽ (sanskrit university) ആയുര്‍വ്വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്‍റര്‍നാഷണൽ സ്പാ തെറാപ്പി ഡിപ്ലോമ പ്രോ​ഗ്രാം അപേക്ഷ (diploma programme) ക്ഷണിച്ചു. ജൂലൈ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഏഴാമത്തെ ബാച്ചിലേയ്ക്കാണ് സർവ്വകലാശാല ഇപ്പോൾ പ്രവേശന വിജ്ഞാപനം നടത്തിയിരിക്കുന്നത്. ഏറ്റുമാനൂര്‍ പ്രാദേശിക ക്യാമ്പസിലാണ് ആയുര്‍വേദ പഞ്ചകര്‍മ്മ ആൻഡ് ഇന്റർനാഷണൽ  സ്പാ തെറാപ്പി ഡിപ്ലോമ പ്രോഗ്രാം നടത്തുന്നത്. 

ആയുര്‍വേദ പഞ്ചകര്‍മ്മയില്‍ അധിഷ്ഠിതമായ ഇന്‍റര്‍നാഷണല്‍ സ്പാ തെറാപ്പി കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് സ്വദേശത്തും വിദേശത്തും അനന്ത തൊഴിൽ സാധ്യതകളാണ്. ഇതുവരെ പഠിച്ചിറങ്ങിയ എല്ലാ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ടൂറിസം രംഗത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ പ്ലെയ്സ്മെന്‍റ് ലഭിച്ചു കഴിഞ്ഞു.

പാഠൃപദ്ധതിയും ഇന്‍റര്‍നാഷണല്‍ 
ആയുര്‍വേദ പഞ്ചകര്‍മ്മ, സ്പാ തെറാപ്പി എന്നിവയുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സിന്റെ പ്രധാന ആകർഷണം.  ആയുര്‍വ്വേദത്തിന്‍റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍, അനാട്ടമി ആന്‍ഡ് ഫിസിയോളജി, ആയുര്‍വ്വേദ പഞ്ചകര്‍മ്മ ചികിത്സകള്‍, വിവിധ സ്പാ തെറാപ്പികള്‍ എന്നിവയാണ് ഈ കോഴ്സിൽ പ്രധാനമായും പഠിപ്പിക്കുന്നത്.  രണ്ട് സെമസ്റ്ററുകൾ ദൈർഘ്യമുളള ഈ ഒരു വര്‍ഷ ഡിപ്ലോമ കോഴ്സിലെ ആദ്യ സെമസ്റ്റർ തിയറിയും പ്രാക്ടിക്കലും ചേര്‍ന്നുള്ള പഠനമായിരിക്കും. രണ്ടാം സെമസ്റ്ററിലെ മൂന്നു മാസം പ്രമുഖ സ്ഥാപനങ്ങളില്‍ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഉണ്ടായിരിക്കും.

ആയുര്‍വേദ പഞ്ചകര്‍മ്മ: പഞ്ചകര്‍മ്മ ചികിത്സയുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സില്‍ നല്‍കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തിലാണ് അദ്ധ്യാപനം. കേരളത്തിന്‍റെ തനത് ആരോഗ്യ സംരക്ഷണ ചികിത്സകളായ കിഴി, പിഴിച്ചില്‍, ധാര, ഉഴിച്ചില്‍, സ്വേദനം, ലേപനം തുടങ്ങിയവയിലും പരിശീലനം നല്‍കുന്നു.

സ്പാ തെറാപ്പി: സ്പാ തെറാപ്പിയില്‍ പ്രായോഗിക പരിശീലനം നല്‍കാന്‍ വിദഗ്ധ അദ്ധ്യാപകര്‍ വിദേശത്ത് നിന്നും എത്തുന്നു. തിയറി ക്ലാസ്സുകള്‍ ആയുര്‍വ്വേദ അദ്ധ്യാപകര്‍ നയിക്കുന്നു. അരോമ തെറാപ്പി, സ്വീഡിഷ് മസ്സാജ്, തായ് മസ്സാജ്, ഹോട്ട് സ്റ്റോണ്‍ മസ്സാജ്, റിഫ്ലെക്സോളജി എന്നിവയിലാണ് പ്രായോഗിക പരിശീലനം.

പ്രായോഗിക പരിശീലനത്തിന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സൗകാര്യങ്ങളുണ്ട്. അടിസ്ഥാന തത്ത്വങ്ങളിലും പ്രായോഗിക രീതികളിലും സമാനതയുള്ള പഞ്ചകര്‍മ്മ, സ്പാ ചികിത്സാ രീതികള്‍ സമന്വയിപ്പിച്ചുള്ള പാഠൃക്രമം കോഴ്സിന്‍റെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തിനകത്തും വിദേശത്തുമുള്ള തൊഴില്‍ സാദ്ധ്യതകള്‍ മുന്നില്‍ക്കണ്ട് ഇംഗ്ലീഷ് ഭാഷാപഠനത്തിനും വ്യക്തിത്വ വികസനത്തിനും കോഴ്സില്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

സ്റ്റൈപ്പന്‍ഡോടെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ്
സ്റ്റൈപ്പന്‍ഡോടെയുള്ള മൂന്ന് മാസത്തെ റസിഡന്‍ഷ്യല്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് കോഴ്സിന്‍റെ ഭാഗമാണ്. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗില്‍ താമസവും ഭക്ഷണവും സൗജന്യമാണ്. ഗ്രാന്‍ഡ്‌ ഹയാത്ത് (കൊച്ചി), നിരാമയ റിട്രീറ്റ്സ് (കുമരകം, പൂവാര്‍), ദി ലളിത് റിസോര്‍ട്ട്സ് (ബേക്കല്‍), ക്ലബ് മഹീന്ദ്ര, കൊച്ചി മാരിയറ്റ്, അമന്‍ബാഗ് (രാജസ്ഥാന്‍), ലീല (ഗോവ), മൂന്നാര്‍ ഓഷ്യാന, കോവളം സൂര്യ സമുദ്ര എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ റസിഡന്‍ഷ്യല്‍ ഇന്ടസ്ട്രിയല്‍ ട്രെയിനിംഗ് നടന്നത്.

യോഗ്യത
പ്ലസ് ടു/വൊക്കേഷണല്‍ ഹയർ സെക്കണ്ടറി അഥവാ തത്തുല്ല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദം നേടിയവർക്കും ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത പരീക്ഷയുടെ മാർക്ക്, ശാരീരിക ക്ഷമത, അഭിമുഖം എന്നിവയ്ക്ക് ലഭിച്ച മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിക്കും പ്രവേശനം.  ആകെ സീറ്റുകൾ 20. പ്രായം വിജ്ഞാപന തീയതിക്കനുസൃതമായി 17നും 30നും ഇടയിലായിരിക്കണം.

അപേക്ഷ എങ്ങനെ?
സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in) വഴി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും നിർദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി.,പ്ലസ്ടു), സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, അപേക്ഷ ഫീസായി ഓൺലൈന്‍ വഴി 300/- രൂപ  (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 100/- രൂപ) അടച്ച രസീത് എന്നിവ ഏറ്റുമാനൂര്‍ ക്യാമ്പസ് ഡയറക്ടര്‍ക്ക്  ജൂലൈ 23ന് മുന്‍പായി സമർപ്പിക്കേണ്ടതാണ്. പ്രൊസ്പെക്ടസ് സർവ്വകലാശാലയുടെ വെബ്സൈറ്റിൽ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓൺലൈൻ അപേക്ഷകൾ ജൂലൈ 15 വരെ
അപേക്ഷകൾ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി  ജൂലൈ 15. ഓഗസ്റ്റ് 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഭിമുഖം ഓഗസ്റ്റ് 16ന് നടക്കും.  ഓഗസ്റ്റ് 22ന് ക്ലാസ്സുകൾ ആരംഭിക്കും.  ഈ അദ്ധ്യയന വർഷത്തെ പ്രവേശന നടപടികൾ സെപ്റ്റംബർ 21ന് അവസാനിക്കും.  വിശദ വിവരങ്ങൾക്കും പ്രോസ്പക്ടസിനുമായി www.ssus.ac.in സന്ദർശിക്കുക.  

Follow Us:
Download App:
  • android
  • ios