Asianet News MalayalamAsianet News Malayalam

E Shram registration| എറണാകുളം ജില്ലയിൽ ഇ ശ്രം രജിസ്ട്രേഷൻ ഒരു ലക്ഷം കടന്നു; അംഗൻവാടി പ്രവർത്തകർക്കും അവസരം

ദേശീയ തലത്തിൽ അസംഘടിത തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴിൽ കാർഡ് നൽകുന്നതിനുമായാണ് ഇ- ശ്രം രജിസ്ട്രേഷൻ.

E shram registration anganwadi workers
Author
Trivandrum, First Published Nov 22, 2021, 5:01 PM IST

തിരുവനന്തപുരം: അസംഘടിത തൊഴിലാളികള്‍ക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ (Social Empowerment programme) നേരിട്ട് ലഭ്യമാക്കുന്നതിനായുള്ള ഇ-ശ്രം രജിസ്ട്രേഷന്‍ (e shram registration) ജില്ലയിൽ ഒരു ലക്ഷം കടന്നു. അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴിൽ കാർഡ് നൽകുന്നതിനുമായാണ് ഇ- ശ്രം രജിസ്ട്രേഷൻ.  ജില്ലാ കളക്ടർ ചെയർമാനും എൻഫോഴ്സ്മെൻ്റ് ജില്ലാ ലേബർ ഓഫീസർ, കേന്ദ്ര അസി. ലേബർ കമ്മീഷണർ എന്നിവർ മെമ്പർ സെക്രട്ടറിമാരുമായുള്ള ഇംപ്ലിമെൻ്റേഷൻ കമ്മറ്റിയാണ് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഗ്രാമവികസനം, പഞ്ചായത്ത്, നഗരകാര്യം, സാമൂഹ്യ നീതി, വനിതാശിശുക്ഷേമം, ഫിഷറീസ്, എൻ എച്ച് എം, കൃഷി, കുടുംബശ്രീ മിഷൻ, മൃഗ സംരക്ഷണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ രജിസ്ട്രേഷൻ നടപടികളുമായി സജീവമായി രംഗത്തുണ്ട്. 

ഞായറാഴ്ച മുതൽ ഒരു മാസം നീളുന്ന പ്രത്യേക ക്യാമ്പയിൻ പരിപാടിക്ക് ഇംപ്ലിമെൻ്റേഷൻ കമ്മറ്റി രൂപം നൽകിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ എല്ലാ ദിവസവും വിലയിരുത്തും. എല്ലാ വകുപ്പുകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തും. രജിസ്ട്രേഷൻ നടപടികൾ സ്വയം പൂർത്തീകരിക്കാൻ തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും കമ്മറ്റി തീരുമാനമെടുത്തിട്ടുണ്ട്. പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളിൽ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.

ഭിന്നശേഷി, ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്കിടയിലും ഇ- ശ്രം രജിസ്ട്രേഷൻ കാര്യക്ഷമായി നടന്നു വരുന്നു. 16 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവരും  ആദായ നികുതി അടയ്ക്കാൻ ബാദ്ധ്യതയില്ലാത്തവരും പി.എഫ് - ഇ.എസ്.ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരുമായ അസംഘടിത വിഭാഗം തൊഴിലാളികൾക്കായാണ്  ഇ- ശ്രം രജിസ്ട്രേഷൻ.  ആധാർ നമ്പർ, ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പർ അല്ലെങ്കിൽ ബയോമെട്രിക്ക് ഓഥന്റിക്കേഷൻ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഡിസംബർ 30നകം കോമൺ സർവ്വീസ് സെൻ്ററുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൂടെയോ www.eshram.gov.in എന്ന വെബ് സൈറ്റിലൂടെ നേരിട്ടോ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. 

 അതിഥിത്തൊഴിലാളികൾക്കായി ജില്ലാ ലേബർ ഓഫീസിലും അസി. ലേബർ ഓഫീസുകളിലും വിവിധ ക്യാമ്പുകൾ കേന്ദ്രീകരിച്ചും പെരുമ്പാവൂരുള്ള "ശ്രമിക് ബന്ധു " ഫെസിലിറ്റേഷൻ കേന്ദ്രത്തിലും  തൊഴിൽവകുപ്പ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ തൊഴിലാളി സംഘടനകൾ, ക്ഷേമ ബോർഡുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലും രജിസ്ട്രേഷൻ ക്യാമ്പുകൾ നടന്നുവരുന്നു.

എല്ലാ അംഗൻവാടി പ്രവർത്തകർക്കും ഇ-ശ്രം രജിസ്ട്രേഷൻ
 
എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് മുഴുവൻ അംഗൻവാടി പ്രവർത്തകരുടെയും രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അംഗൻവാടി പ്രവർത്തകരെ പദ്ധതി യിൽ  ചേർക്കുന്നതിന് ജില്ല വനിതാ ശിശു വികസന ഓഫീസിൽ നടന്ന സി. ഡി. പി. ഓ  മാർക്കുള്ള പരിശീലനപരിപാടി ചിയാക് ജില്ലാ  പ്രൊജക്റ്റ്‌ മാനേജർ അജാസ് ഉത്ഘാടനം ചെയ്തു. പദ്ധതി വിശദീകരണം ജി. കൃഷ്ണ പ്രസാദ് നിർവഹിച്ചു. വനിതാ ശിശു ക്ഷേമ ഓഫീസർ ഡോ. പ്രേമ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

ദേശീയ തലത്തിൽ അസംഘടിത തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും തൊഴിൽ കാർഡ് നൽകുന്നതിനുമായാണ് ഇ- ശ്രം രജിസ്ട്രേഷൻ. ഈ മാസം 20 മുതൽ അടുത്ത മാസം 20 വരെ തൊഴിലാളികൾക്കിടയിൽ  രജിസ്ട്രേഷന്‍ നടപടികള്‍ സാധ്യമാക്കുന്നതിനുള്ള കർമപദ്ധതികൾക്ക് രൂപം നൽകാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.  ട്രേഡ് യൂണിയൻ ഭാരവാഹികൾക്കും വ്യാപാര സംഘടന പ്രതിനിധികൾക്കും, ജോയിന്റ് ബി. ഡി. ഓ മാർക്കും നേരത്തേ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.


 
 

Follow Us:
Download App:
  • android
  • ios