അസംഘടിത തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായുള്ള ഇ-ശ്രം പോര്‍ട്ടലില്‍ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,82,489 തൊഴിലാളികള്‍. 

തിരുവനന്തപുരം: അസംഘടിത (laboures) തൊഴിലാളികള്‍ക്ക് (identity card) ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായുള്ള ഇ-ശ്രം പോര്‍ട്ടലില്‍ (E shram portal) ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,82,489 തൊഴിലാളികള്‍. അവസാന തിയതിയായ ഡിസംബര്‍ 31നകം കൂടുതല്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ നിര്‍ദേശിച്ചു. ഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍, ജില്ലാതല നിര്‍വാഹക കമ്മിറ്റി അവലോകനയോഗം ചേര്‍ന്നു. ജില്ലയിലെ രജിസ്‌ട്രേഷന്‍ നടപടികളുടെ പുരോഗതി യോഗം വിലയിരുത്തി.

തൊഴിലുറപ്പ് തൊഴിലാളികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, ഹരിതകര്‍മ്മസേന, ആശാവര്‍ക്കര്‍മാര്‍, വീട്ടുജോലിക്കാര്‍, കര്‍ഷകര്‍, കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍, അതിഥിത്തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ടോള്‍ഫ്രീ നമ്പര്‍ തയാറാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

കുടിയേറ്റ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, കരാർ തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായുള്ള ആദ്യ ദേശീയതല ഡാറ്റബേസ് ആണ് ഈ പോർട്ടൽ. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങൾ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കാൻ പോർട്ടൽ വഴിയൊരുക്കുന്നു. നിലവിൽ 400 ലേറെ തൊഴിലുകൾ പോർട്ടലിൽ ഇടം പിടിച്ചിട്ടുണ്ട്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ വ്യക്തികൾക്കും രണ്ട് ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് യോഗ്യത ലഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ പേര്, തൊഴിൽ, വിലാസം, വിദ്യാഭ്യാസ യോഗ്യത, നൈപുണ്യ ശേഷി, കുടുംബ വിവരങ്ങൾ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള പോർട്ടലിൽ ഉണ്ടായിരിക്കുന്നതാണ്.