കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ഐടി, ഐടി ഇതര പ്രൊഫഷണലുകളെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്ന് അവർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ‘തിരികെ’ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
തിരുവനന്തപുരം: മികച്ച ഭൗതിക സാഹചര്യങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷവുമുള്ള കേരളത്തിലേക്ക് ഭാവിയില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരങ്ങള്‍ സാധ്യമാക്കുന്ന ക്യാമ്പയിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം). കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും നാട്ടിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നവരുമായ ഐടി, ഐടി ഇതര പ്രൊഫഷണലുകള്‍ക്ക് മികച്ച തൊഴിലവസരം കണ്ടെത്തുന്നതിന് വഴിയൊരുക്കുന്നതാണ് കെഎസ്‌യുഎമ്മിന്‍റെ 'തിരികെ' എന്ന ക്യാമ്പയിന്‍.
മികച്ച നൈപുണ്യശേഷി പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സാന്നിധ്യവും കരുത്തുറ്റ ഐടി ഇന്‍ഫ്രാസ്ട്രക്ചറുമാണ് കേരളത്തിന്‍റെ അനുകൂല ഘടകങ്ങള്‍. ഇത് പ്രൊഫഷണലുകളെയും വന്‍കിട കമ്പനികളെയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നു. ഈ സാഹചര്യത്തില്‍ ഐടി, ഐടി ഇതര ജീവനക്കാര്‍ക്ക് ഭാവിയില്‍ കേരളത്തില്‍ തിരിച്ചെത്തി ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കാനാണ് കെഎസ്‌യുഎം ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ സര്‍വേയിലൂടെ വിവരശേഖരണം നടത്തിയാണ് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകളുടെ ഡാറ്റാബേസ് തയ്യാറാക്കുക. ഇതിനായുള്ള 'തിരികെ' വെബ്സൈറ്റ് ഹഡില്‍ ഗ്ലോബല്‍ 2025 വേദിയില്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തു.
മികച്ച മനുഷ്യവിഭവ ശേഷി ആവശ്യമുള്ള കമ്പനികള്‍ക്കും സംരംഭകര്‍ക്കും അനുയോജ്യരായ പ്രൊഫഷണലുകളെ ഈ ഡാറ്റാബേസിലൂടെ തിരഞ്ഞെടുക്കാനാകും. പ്രൊഫഷണലുകളെ കണ്ടെത്താനുള്ള സമയം ലാഭിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ലളിതവും കാര്യക്ഷമവുമാക്കാനും ഇതിലൂടെ സാധിക്കും. കേരളത്തിലേക്കെത്തുന്ന കമ്പനികളിലെ തൊഴിലവസരങ്ങളെക്കുറിച്ച് പ്രൊഫഷണലുകള്‍ക്ക് വിവരം ലഭ്യമാക്കാനും ഇത് വഴിയൊരുക്കും.
പുതിയ കാലത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് നൂതനപദ്ധതികള്‍ രൂപപ്പെടുത്തുകയും നടപ്പാക്കുകയുമാണ് കെഎസ്‌യുഎം ചെയ്യുന്നതെന്ന് സിഇഒ അനൂപ് അംബിക പറഞ്ഞു. മികച്ച അവസരങ്ങള്‍ തേടി കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കുടിയേറിയ നിരവധി സാങ്കേതിക പ്രൊഫഷണലുകളാണുള്ളത്. ഇന്ത്യയിലെ 50 ലക്ഷം ഐടി പ്രൊഫഷണലുകളിലെ 20 ശതമാനവും മലയാളികളാണെന്ന് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ നവീകരിക്കപ്പെട്ട ഭൗതിക സാഹചര്യങ്ങളുടെയും തൊഴില്‍ സാധ്യതകളുടെയും പശ്ചാത്തലത്തില്‍ തിരികെവരാനും നാട്ടില്‍ തന്നെ തൊഴിലെടുക്കാനും ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് 'തിരികെ' ക്യാമ്പയിന്‍.
പ്രൊഫഷണലുകള്‍ക്ക് വളരാന്‍ അവസരമൊരുക്കുന്നതാണ് കേരളത്തില്‍ നിലവിലുള്ള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെന്ന് അനൂപ് അംബിക ചൂണ്ടിക്കാട്ടി. കേരളത്തിലെത്തുന്ന ഒരു അന്താരാഷ്ട്ര കമ്പനിക്ക് പരിചയ സമ്പന്നരും തൊഴില്‍ വൈദഗ്ധ്യവുമുള്ളവരുമായ പ്രൊഫഷണലുകളെ ക്യാമ്പയിനിന്‍റെ ഭാഗമായി തയ്യാറാക്കുന്ന ഡാറ്റാബേസില്‍ നിന്ന് കണ്ടെത്താനാകും. കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറാകുന്ന കമ്പനികള്‍ക്ക് മാത്രമാണ് ഡാറ്റാബേസ് നല്‍കുക. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വലിയൊരു കുതിപ്പിന് കേരളം തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ആവശ്യമായ മനുഷ്യവിഭവശേഷി ലഭിക്കുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററു (ജിസിസി കേന്ദ്രങ്ങള്‍) കളിലൂടെ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നാല്‍പ്പതില്‍പ്പരം പ്രമുഖ കമ്പനികള്‍ ഇതിനകം കേരളത്തില്‍ ജിസിസികള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ആഗോള കമ്പനികള്‍ കേരളത്തില്‍ ജിസിസി സെന്‍ററുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. കേരളത്തിലേക്ക് തിരികെയെത്തുന്ന പ്രൊഫഷണലുകള്‍ക്ക് ജിസിസികള്‍ വഴിയുള്ള തൊഴിലവസരത്തിനും സാധ്യതയേറെയാണ്.
2030 ആകുമ്പോഴേക്കും ജിസിസികള്‍ ഇന്ത്യയില്‍ 30 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് ഫസ്റ്റ് മെറിഡിയന്‍ ബിസിനസ് സര്‍വീസസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2026ല്‍ മാത്രം 1.5 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്കുള്ള വളര്‍ച്ച, പ്രതിഭാധനരായ പ്രൊഫഷണലുകള്‍, മെച്ചപ്പെട്ട ജീവിതനിലവാരം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, ശക്തവും മികവുറ്റതുമായ സ്റ്റാര്‍ട്ടപ്പ് സംവിധാനം, അക്കാദമിക്-വ്യാവസായിക ബന്ധം എന്നിവ ബിസിനസുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.


