തിരുവനന്തപുരം: പൊതുവിഭാ​ഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുളള മാനദണ്ഡങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഓരോ മൂന്നുവർഷം കൂടുമ്പോഴുമാണ് ഈ പരിശോധന. ആവശ്യമെങ്കില്‍ ഇവയിൽ ഭേദഗതി വരുത്തും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കാൻ പുറത്തിറക്കിയ വ്യവസ്ഥകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമ്പത്തികമായി പിന്നാക്കമാണെന്ന് തെറ്റായ വിവരം നൽകുന്നവരുടെ നിയമനം റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതുപോലെ സംവരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്ലുണ്ടാകും.

-മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള നികത്തപ്പെടാത്ത ഒഴിവുകളുടെ ആനുകാലിക റിപ്പോര്‍ട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതു ഭരണ (ഏകോപന) വകുപ്പിന് നല്‍കണം. ആറുമാസത്തെ പ്രതീക്ഷിത ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണം.

- കുടുംബ വാര്‍ഷിക വരുമാനം നാല് ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം. വരുമാനം കണക്കാക്കുമ്പോള്‍ മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധി നിര്‍ണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളില്‍നിന്നുള്ള കാര്‍ഷിക വരുമാനം, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, യാത്രാബത്ത ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കും.

- അപേക്ഷകര്‍ പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നീ സംവരണ വിഭാഗത്തില്‍പ്പെട്ടവരായിരിക്കരുത്.

- കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആകെ ഹൗസ് പ്ലോട്ടിന്റെ വിസ്തൃതി മുനിസിപ്പല്‍ പരിധിയില്‍ 20 സെന്റിലും കോര്‍പ്പറേഷന്‍ പരിധിയില്‍ 15 സെന്റിലും കൂടരുത്. നഗരസഭ, കോര്‍പ്പറേഷന്‍ പരിധികളില്‍ ഹൗസ് പ്ലോട്ട് ഉണ്ടെങ്കില്‍ രണ്ടുംകൂടി 20 സെന്റില്‍ കൂടരുത്.

- കുടുംബ ഭൂസ്വത്ത് ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് രണ്ടര ഏക്കറിലും നഗരസഭാ മേഖലയില്‍ 75 സെന്റിലും കോര്‍പ്പറേഷനില്‍ 50 സെന്റിലും കൂടരുത്. ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയില്‍ അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കില്‍ അതിന്റെ ആകെ ഭൂവിസ്തൃതി രണ്ടര ഏക്കറില്‍ കൂടരുത്. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പരിധിയില്‍ അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്തിന്റെ ആകെ ഭൂവിസ്തൃതി 75 സെന്റില്‍ കവിയരുത്. അപേക്ഷകന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കും.

- അന്ത്യോദയ അന്നയോജന (എ.എ.വൈ.), മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്ന റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവര്‍ സംവരണത്തിന് അര്‍ഹരാണ്.

- സംവരണം നടപ്പാക്കാന്‍ മേല്‍നോട്ടത്തിന് നിരീക്ഷണ സെല്‍ പൊതുഭരണവകുപ്പില്‍ രൂപവത്കരിക്കും.

- സംവരണാനുകൂല്യത്തിന് ജനുവരി മൂന്ന് മുതല്‍ പ്രാബല്യം.