Asianet News MalayalamAsianet News Malayalam

മത്സരപരീക്ഷയിൽ തോൽവി, ചായക്കട ആരംഭിച്ച് ഇക്കണോമിക്സ് ബിരുദധാരിയായ പെൺകുട്ടി; പ്രചോദനമാണ് പ്രിയങ്ക

പഠിക്കാൻ ആ​ഗ്രഹിച്ച കോളേജിന് മുന്നിൽ ചായ്വാല എന്ന പേരിൽ ചായക്കട തുടങ്ങി, മികച്ച സംരംഭകനെന്ന് അറിയപ്പെട്ട്, കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയ പ്രഭുൽ ബില്ലോറയാണ് പ്രിയങ്കയുടെ പ്രചോദനം. 
 

economics graduate  girl who started the tea shop
Author
Patna, First Published Apr 20, 2022, 3:56 PM IST

പട്ന: വൈറ്റ് കോളർ ജോലി നേടാൻ വേണ്ടിയാണ് പ്രിയങ്ക (Graduate Chaiwali) രണ്ട് വർഷം കഠിനപ്രയത്നം ചെയ്തത്. എന്നാൽ പരാജയമായിരുന്നു ഫലം. ‌ പക്ഷേ ഒരു ജോലി എന്ന ആ​ഗ്രഹത്തോട് തോറ്റുകൊടുക്കാൻ പ്രിയങ്ക തയ്യാറായിരുന്നില്ല. പട്നയിലെ വനിത കോളേജിന് മുന്നിൽ പ്രിയങ്ക സ്വന്തമായൊരു ചായക്കട ആരംഭിച്ചു. പഠിക്കാൻ ആ​ഗ്രഹിച്ച കോളേജിന് മുന്നിൽ ചായ്‍വാല എന്ന പേരിൽ ചായക്കട തുടങ്ങി, മികച്ച സംരംഭകനെന്ന് അറിയപ്പെട്ട്, കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയ പ്രഭുൽ ബില്ലോറയാണ് പ്രിയങ്കയുടെ പ്രചോദനം. 

ഇക്കണോമിക്‌സ് ബിരുദധാരിയാണ് 24 കാരിയായ പ്രിയങ്ക ​ഗുപ്ത.  ബീഹാറിലെ പൂർണിയയിൽ നിന്നുള്ള പ്രിയങ്ക വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിൽ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. ഈ വർഷം, ഏപ്രിൽ 11 മുതലാണ് പട്‌ന വിമൻസ് കോളേജിന് പുറത്ത് ചായ വിൽക്കാൻ തുടങ്ങിയത്. ചായ്‌വാലിയിൽ, പാൻ ചായയും ചോക്കലേറ്റ് ചായയും ഉൾപ്പെടെ 4 വ്യത്യസ്ത രുചികളുള്ള ചായകൾ വിൽക്കുന്നുണ്ട്.  “ആത്മനിർബാർ ഭാരതത്തിലേക്കുള്ള മുന്നേറ്റം. ഒന്നിനെക്കുറിച്ചും ചിന്തിക്കണ്ട, ആരംഭിക്കൂ” പ്രിയങ്കയുടെ കടയ്ക്ക് പുറത്തുള്ള ബോർഡിലെ കുറിപ്പ്. 

“കഴിഞ്ഞ രണ്ട് വർഷമായി, ബാങ്ക് മത്സര പരീക്ഷകളിൽ വിജയിക്കാൻ തുടർച്ചയായി ശ്രമിച്ചുവെങ്കിലും വെറുതെയായി. അതിനാൽ, വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിന് പകരം, ഒരു കൈവണ്ടിയിൽ ഒരു ചായക്കട ആരംഭിക്കാൻ ഞാൻ തീരുമാനിച്ചു. നഗരത്തിൽ സ്വന്തമായി ടീ സ്റ്റാൾ ആരംഭിക്കാൻ എനിക്ക് മടിയില്ല, ആത്മനിർഭർ ഭാരതിലേക്കുള്ള ചുവടുവയ്പായിട്ടാണ് ഞാൻ ഈ ബിസിനസ്സിനെ കാണുന്നത്,” പ്രിയങ്ക ഇന്ത്യ ടുഡേയോട് പറഞ്ഞു.

ജനങ്ങളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ ഏറ്റുവാങ്ങി ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ചിലർ അവളുടെ സംരംഭകത്വ മനോഭാവത്തെ അഭിനന്ദിക്കുകയും അവളെ പ്രചോദനം എന്ന് വിളിക്കുകയും ചെയ്തപ്പോൾ, ചിലർ ചർച്ച ചെയ്തത് രാജ്യത്ത് തൊഴിലില്ലായ്മയുടെ രൂക്ഷതയെക്കുറിച്ചാണ്. ”എന്തൊരു നാണക്കേട്, തൊഴിലില്ലായ്മയുടെ യഥാർത്ഥ മുഖം. അഭിമാനിക്കാൻ ഒന്നുമില്ല.” എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ അഭിപ്രായം. എന്നാൽ മറ്റൊരാൾ പറയുന്നത്, ''എന്തൊരു പ്രചോദനമാണിത്! നമ്മുടെ പെൺകുട്ടികളിലും ആൺകുട്ടികളിലും അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട മനോഭാവമാണിത്. പ്രിയങ്ക ഗുപ്തയുടെ പുതിയ സംരംഭത്തിന് ആശംസകൾ'' എന്നാണ്. 

പഠിക്കാനാ​ഗ്രഹിച്ച കോളേജിന് മുന്നിൽ തന്നെ ചായ്‍വാല എന്ന പേരിൽ ഒരു ടീ സ്റ്റാൾ ആരംഭിച്ചതാണ് പ്രഫുൽ ബില്ലോറ എന്ന യുവസംരംഭകന്റെ തുടക്കം.  ഇന്ന് രാജ്യത്തെമ്പാടും 22 ഔട്ട്ലെറ്റുകളുമായി പ്രഫുലിന്റെ ബിസിനസ് സാമ്രാജ്യം വിശാലമായിക്കഴിഞ്ഞിരിക്കുന്നു. കോടീശ്വരൻമാരുടെ പട്ടികയിലാണ് ഇന്ന് പ്രഫുൽ ബില്ലോറ എന്ന ചെറുപ്പക്കാരന്റെ സ്ഥാനം. പ്രഫുലിന്റെ ബിസിനസ് മന്ത്രം ഇതായിരുന്നു, 'എന്ത് ചെയ്താലും സത്യസന്ധതയോടും കഠിനാധ്വാനത്തോടും വിശ്വസ്തതയോടും കൂടി ചെയ്യുക. വിജയം വന്നുചേരും. ചെരിപ്പ് നന്നാക്കുന്ന വ്യക്തിയാണെങ്കിൽ ആ ജോലിയിൽ ഏറ്റവും മികച്ച ജോലിക്കാരനാകുക, ചായ വിൽക്കുകയാണെങ്കിലും ഏറ്റവും മികച്ച ചായവിൽപനക്കാരനാകുക, നിങ്ങൾ എന്തു ചെയ്താലും ഏറ്റവും മികച്ച രീതിയിലാണ് എന്നുറപ്പാക്കുക.'


 
 

Follow Us:
Download App:
  • android
  • ios