Asianet News MalayalamAsianet News Malayalam

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അറിയിപ്പ്

ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ്ങും ഇക്കാലയളവില്‍ ഒഴിവാക്കിയിരിക്കുകയാണ്. സര്‍വകലാശാലാ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.
 

educational institutions will be closed till march 31
Author
Trivandrum, First Published Mar 12, 2020, 12:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നതായി അറിയിപ്പ്.  സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലനകേന്ദ്രങ്ങള്‍, കോളേജുകള്‍, കിക്മ, കിക്മ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ അവധിയായിരിക്കും. പരീക്ഷകളും വൈവയും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ജീവനക്കാർക്ക് അവധി ബാധകമല്ല. 

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ക്ലാസുകളും (കുസാറ്റ്) എട്ടാം സെമസ്റ്റര്‍ ഒഴികെയുള്ള ഇന്റേണല്‍ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവെച്ചതായി രജിസ്ട്രാര്‍ അറിയിച്ചു. അധ്യാപക, അനധ്യാപക ഉദ്യോഗസ്ഥര്‍ക്ക് അവധി ബാധകമല്ല. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളിലും സര്‍വകലാശാലാ പഠനവകുപ്പുകളിലും മാര്‍ച്ച് 31 വരെ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹോസ്റ്റലുകളും പ്രവര്‍ത്തിക്കുന്നതല്ല. ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ്ങും ഇക്കാലയളവില്‍ ഒഴിവാക്കിയിരിക്കുകയാണ്. സര്‍വകലാശാലാ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.

കേരള സര്‍വകലാശാലയുടെ പഠന വകുപ്പുകളുടെ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ച്ച് 12 മുതല്‍ 31 വരെ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലയുടെ സി.ബി.സി.എസ്.എസ്. പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎച്ച്.ഡി. ഓപ്പണ്‍ ഡിഫന്‍സുകള്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. സര്‍വകലാശാലയുടെ കീഴിലുള്ള യു.ഐ.ടി., യു.ഐ.എം., എന്‍ജിനീയറിങ്, ബി.എഡ്. കോളേജുകള്‍ക്ക് അവധി ബാധകമാണ്. കേരള കേന്ദ്രസര്‍വകലാശാലയില്‍ മാര്‍ച്ച് 22 വരെ അവധി നൽകിയിരിക്കുകയാണ്. പരീക്ഷകള്‍ മാറ്റിവച്ചിട്ടില്ല. എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്കും മൂല്യനിര്‍ണയത്തിനും മാറ്റമുണ്ടായിരിക്കില്ല. മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മുന്‍നിശ്ചയപ്രകാരം നടക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. അഫിലിയേറ്റഡ് കോളേജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും മാര്‍ച്ച് 31 വരെ അവധിയാകും.

Follow Us:
Download App:
  • android
  • ios