കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നത് ജമാഅത്തെ ഇസ്ളാമിയെയും മുസ്ലിം ലീഗിനെയും ഭയന്നിട്ടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയായി ആരെ പ്രഖ്യാപിച്ചാലും വിമാനമിറങ്ങി ആദ്യ ദർശനം പാണക്കാട് തറവാട്ടിലായിരിക്കും എന്ന് ഉറപ്പാണെന്നും കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് ജമാഅത്തെ ഇസ്ളാമിയെയും മുസ്ലിം ലീഗിനെയും ഭയന്നിട്ടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. അവരാണ് ഈ ബഹളങ്ങളെല്ലാം ഉണ്ടാക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയായി ആരെ പ്രഖ്യാപിച്ചാലും വിമാനമിറങ്ങി ആദ്യ ദർശനം പാണക്കാട് തറവാട്ടിലായിരിക്കും എന്ന് ഉറപ്പാണ്. വോട്ട് ചെയ്തവരെല്ലാം അടുത്ത അഞ്ച് കൊല്ലവും അനുഭവിക്കാൻ പോവുന്നതേയുള്ളൂവെന്നും കെ സുരേന്ദ്രൻ ഫേസ് ബുക്കിൽ കുറിച്ചു.

"63 എംഎൽഎമാരും മൂന്ന് സ്വതന്ത്രരുമടക്കം 66 പേർ സ്വന്തമായി ഉണ്ടായിട്ടും കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ആരെയാണ് ഭയപ്പെടുന്നത്? ഉത്തരം വളരെ ലളിതം. ജമാഅത്തെ ഇസ്ളാമിയെയും മുസ്ലീം ലീഗിനെയും. അവരാണ് ഈ ബഹളങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് സാമാന്യ വിവേകമുള്ള ആർക്കും ബോധ്യമാവും. ഇനി അഥവാ മുഖ്യമന്ത്രിയായി ആരെ പ്രഖ്യാപിച്ചാലും ആ മാന്യദേഹം കരിപ്പൂരിൽ വിമാനമിറങ്ങി ആദ്യ ദർശനം പാണക്കാട് തറവാട്ടിലായിരിക്കും എന്നത് ഉറപ്പ്. വോട്ടു ചെയ്ത മതേതര ഭൂരിപക്ഷവും രണ്ടാനമ്മ ന്യൂനപക്ഷവും അടുത്ത അഞ്ചു കൊല്ലവും അനുഭവിക്കാൻ പോവുന്നതേയുള്ളൂ"- എന്നാണ് സുരേന്ദ്രൻ കുറിപ്പിൽ പറയുന്നത്.
നാളെ പ്രഖ്യാപിച്ചേക്കും
അതിനിടെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് കേരളത്തിലെ മുൻ കെപിസിസി അധ്യക്ഷന്മാർ ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി തർക്കത്തിൽ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ് എന്നിവരും കെ സി വേണുഗോപാലിനെ അനുകൂലിക്കുമെന്ന് റിപ്പോർട്ട്. കെ മുരളീധരനും വി എസ് സുധീരനും ജനവികാരം മാനിച്ച് സതീശനെ മുഖ്യമന്ത്രി ആക്കുന്നതാവും ഉചിതം എന്ന നിലപാടാണ് സ്വീകരിക്കുന്നത്. എം എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കേരളത്തിലെ സാഹചര്യം ചൂണ്ടിക്കാട്ടുമെങ്കിലും ആരുടെയും പേര് പറയാതെ ഹൈക്കമാൻഡിന് മുന്നിൽ നിക്ഷ്പക്ഷത പാലിക്കുമെന്നാണ് വിവരം. അതേസമയം നിർണായക ചർച്ചയാണ് നടക്കുന്നതെന്നും അഭിപ്രായവും നിലപാടും കൃത്യമാണെന്നും കെ സുധാകരൻ പറഞ്ഞു. അഭിപ്രായം മാധ്യമങ്ങളോട് പറയില്ല. എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കണമെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആര് എന്നതിൽ ഇന്നോ നാളെയോ തീരുമാനം ഉണ്ടായേക്കും.


