തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് 4 തസ്തികയിലേക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഡിസംബർ 23, 24, 29, 30 തീയതികളിൽ എറണാകുളം, ആലുവ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ നടത്തും.  

ഈ സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾ അവരുടെ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളുടെയും മലബാർ ദേവസ്വം ബോർഡിന് കീഴിൽ ക്ഷേത്ര ജീവനക്കാരനായി/ ജീവനക്കാരിയായി 10 വർഷത്തെ സ്ഥിരസേവനം പൂർത്തിയാക്കി എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഡിസംബർ 10ന് മുമ്പ് സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, ദേവസ്വം ബോർഡ് ബിൽഡിംഗ്, ആയുർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയക്കുകയോ നേരിട്ടെത്തിക്കുകയോ ചെയ്യണം.  

പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തസ്തികയുടെ വിജ്ഞാപനത്തോടൊപ്പം ലഭ്യമാണ്.  സർട്ടിഫിക്കറ്റുകൾ അയക്കുന്ന കവറിനു പുറത്ത് തസ്തികയുടെ പേര്, കാറ്റഗറി നമ്പർ എന്നിവ രേഖപ്പെടുത്തണം.  ഇന്റർവ്യൂ മെമ്മോ ഡിസംബർ 8 മുതൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.