ബീഹാറിലെ നളന്ദ ജില്ലയിലെ ധന‍ജ്ഞയ് കുമാറാണ് ഝാർഖണ്ഡിലെ തുപുഡാനയിലെ ജെഇഇ പരീക്ഷ കേന്ദ്രത്തിൽ മകളെ എത്തിക്കാൻ ഇത്രും ദൂരം മോട്ടോർ സൈക്കിളോടിച്ചത്. 


റാഞ്ചി: ജെഇഇ പരീക്ഷക്ക് മകളെ എത്തിക്കാൻ കർഷകൻ മോട്ടോർ സൈക്കിൾ ഓടിച്ചത് 300 കിലോമീറ്റർ. നളന്ദയിൽ നിന്നും റാഞ്ചിയിലേക്കാണ് ഈ അച്ഛനും മകളും യാത്ര ചെയ്തത്. ബീഹാറിലെ നളന്ദ ജില്ലയിലെ ധന‍ജ്ഞയ് കുമാറാണ് ഝാർഖണ്ഡിലെ തുപുഡാനയിലെ ജെഇഇ പരീക്ഷ കേന്ദ്രത്തിൽ മകളെ എത്തിക്കാൻ ഇത്രും ദൂരം മോട്ടോർ സൈക്കിളോടിച്ചത്. 12 മണിക്കൂർ കൊണ്ടാണ് ഇവർ ലക്ഷ്യസ്ഥാനത്തെത്തിയത്. ചൊവ്വാഴ്ചയാണ് പരീക്ഷ ആരംഭിച്ചത്. 

കൊവിഡ് വ്യാപനത്തെ തുടർന്ന് ബീഹാറിനും ഝാർഖണ്ഡിനു ഇടയിൽ ബസ് ​ഗതാ​ഗതം ഉണ്ടായിരുന്നില്ല. നളന്ദ ജില്ലയിൽ നിന്നും തിങ്കളാഴ്ചയാണ് ഇവർ യാത്ര ആരംഭിച്ചത്. എട്ട് മണിക്കൂർ യാത്രയ്ക്ക് ശേഷം ഇവർ ബൊക്കാറോയിലെത്തി. ബൊക്കാറോയിൽ നിന്നും 135 കിലോമീറ്റർ ദൂരമുണ്ട് റാഞ്ചിയിലേക്ക്. നളന്ദയിൽ നിന്നും റാഞ്ചിയിലേക്ക് എത്താൻ ബൈക്ക് യാത്ര മാത്രമാണ് തന്റെ മുന്നിലുണ്ടായിരുന്ന ഏക പോംവഴി എന്ന് ധനജ്ഞയ് കുമാർ വെളിപ്പെടുത്തുന്നു. കൊവിഡ് മൂലം ബസുകളൊന്നും ഓടിത്തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'നളന്ദയിൽ നിനനും റാഞ്ചിയിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് ഇടക്ക് മയക്കം അനുഭവപ്പെട്ടിരുന്നു. വഴിയിൽ നിർത്തി ചെറുതായി മയങ്ങിയിട്ടാണ് മകളുമൊത്ത് യാത്ര തുടർന്നത്.' ധനജ്ഞയ് കുമാർ പറഞ്ഞു. ഝാർഖണ്ഡിലെ പത്ത് കേന്ദ്രങ്ങളിലായി 22843 വിദ്യാർത്ഥികളാണ് ജെഇഇ പരീക്ഷ എഴുതുന്നത്.