തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാഗത്തിലെ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ വായ്പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സ്വയംതൊഴിൽ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസൽ സഹിതം അപേക്ഷിക്കാം. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ കുടുംബശ്രീ യൂണിറ്റുകൾക്ക് മുൻഗണന ലഭിക്കും. 

മൂന്നു ലക്ഷം മുതൽ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. വായ്പാ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സർക്കാർ തലത്തിൽ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസർ ശുപാർശ സമർപ്പിക്കുന്ന മുറയ്ക്കും ലഭ്യമാക്കും. ട്രാൻസ്ജെൻഡർ വ്യക്തികളുടെ സമഗ്ര സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂടെ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സമൂഹത്തിൽ വളരെയധികം അവഗണന അനുഭവിക്കുന്ന വിഭാഗം ആയ ട്രാൻസ്ജെൻഡർ വിഭാഗത്തെ അർഹിക്കുന്ന പ്രാധാന്യം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

പലതരം സാഹചര്യ സമ്മർദ്ദങ്ങൾ കൊണ്ട് കടുത്ത മാനസിക പ്രയാസങ്ങളും സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്നവരാണ് ഭൂരിഭാഗം ട്രാൻസ്ജെൻഡർമാരും. അവരെ സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. അതിന്റെ ഭാഗമായാണ് ഇദംപ്രഥമായി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സ്വയം തൊഴിൽ വായ്പാ ധനസഹായ പദ്ധതി രൂപപ്പെടുത്തി നടപ്പിലാക്കുന്നത്. സംസ്ഥാന വനിതാ വികസന കോർപ്പറേഷനെയാണ് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വേണ്ടി സ്വയം തൊഴിൽ വായ്പാ ധനസഹായ പദ്ധതി നടപ്പിലാക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ പ്രോജക്ട് പ്രൊപ്പോസൽ തയ്യാറാക്കിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ഒക്ടോബർ 15ന് മുൻപായി മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ, കവടിയാർ തിരുവനന്തപുരം 695003 എന്ന മേൽ വിലാസത്തിലോ head@kswdc.org എന്ന ഇ-മെയിൽ വിലാസത്തിൽ സ്‌കാൻ ചെയ്തോ സമർപ്പിക്കാവുന്നതാണെന്ന് വനിതാ വികസന കോർപ്പറേഷൻ എം.ഡി. വി.സി. ബിന്ദു അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0471 2727668.