ലണ്ടന്‍: പലര്‍ക്കും ഇംഗ്ലീഷ് ഭാഷ ഒരു കീറാമുട്ടിയാണ്. ഇംഗ്ലീഷ് ഭാഷ അറിയാതെ കഷ്ടപ്പെടുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇങ്ങനെ ഉള്ളവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തതോടെ എറണാകുളം പാലാരിവട്ടം സ്വദേശി ജിയോ സെബാസ്റ്റ്യന്‍ ആരംഭിച്ച ഫേസ്ബുക്ക് ക്ലാസുകള്‍ ഇന്ന് ഒരുപാട് പേര്‍ക്ക് സഹായമായി മാറുകയാണ്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ സംരംഭകനും 16 വര്‍ഷമായി ഇംഗ്ലീഷ് അധ്യാപകനുമാണ് ജിയോ. ഫേസ്ബുക്ക് ലൈവിലൂടെ ഇംഗ്ലീഷ് ടെന്‍സിനെക്കുറിച്ച് അടക്കം ജിയോ എടുത്ത ക്ലാസുകള്‍ വൈറലായി മാറിയിരുന്നു.

കേംബ്രിഡ്ജില്‍ വിവിധ രാജ്യക്കാരെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജിയോ സെബാസ്റ്റ്യന്‍ മലയാളികള്‍ക്കായാണ് ജിയോസ് ഇംഗ്ലീഷ് എന്നപേരില്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ഇതിലൂടെ സൗജന്യമായിട്ടാണ് അദ്ദേഹം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ഫേസ്ബുക്കിലൂടെ കേരളത്തില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും നിരവധി മലയാളികളാണ് ഇദ്ദേഹത്തില്‍നിന്ന് ഇംഗ്ലീഷ് പഠിക്കുന്നത്.

ഇംഗ്ലീഷിലുള്ള അറിവില്ലായ്മ ജീവിത വളര്‍ച്ചയെ പലപ്പോഴും തടസപ്പെടത്തും. ഭാഷ അറിയാത്തതിന്റെ പേരില്‍ ആരും ബുദ്ധിമുട്ടരുതെന്നു കരുതിയാണ് താന്‍ ഫേസ്ബുക്കിലൂടെ സൗജന്യമായി പ്രത്യേകിച്ച് മലയാളികള്‍ക്കായി ഇംഗ്ലീഷ് ക്ലാസുകളെടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ലൈവായി ചോദിക്കുന്ന സംശയങ്ങള്‍ക്കും പിന്നീട് ഇന്‍ബോക്സില്‍ സംശയങ്ങള്‍ ചോദിക്കുന്നവരില്‍ പരമാവധി ആളുകള്‍ക്കും മറുപടി പറയാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയാസരഹിതമായി ഇംഗ്ലീഷ് പഠിക്കുകയും പഠിപ്പിക്കുകയുമാണ് താന്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുന്നു.

 അക്കാദമിക് പ്രസിദ്ധീകരണങ്ങള്‍ക്കായി ക്രേംബ്രിഡ്ജിലെ പ്രമുഖ ഇംഗ്ലീഷ് വിദഗ്ധരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ജിയോ സെബാസ്റ്റിയന്‍ നിരവധി അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷ് ക്ലാസുകളും നല്‍കിയിട്ടുണ്ട്.