ദില്ലി: അൺലോക്ക് 5 ന്റെ ഭാ​ഗമായി സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. മാതാപിതാക്കളുടെ രേഖാമൂലമുള്ള അനുമതി പത്രവുമായി മാത്രമേ വിദ്യാർത്ഥികൾ സ്കൂളിലെത്താൻ‌ പാടുള്ളു എന്നും ഹാജരിന്റെ കാര്യത്തിൽ ഇളവുകൾ ഉണ്ടായിരിക്കണമെന്നും മാർ​ഗനിർദ്ദേശങ്ങളിൽ പറയുന്നു. എപ്പോഴാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. എല്ലാ സ്‌കൂളുകളിലും ശുചിത്വം ഉറപ്പാക്കാന്‍ കര്‍മസേനകള്‍ ഉണ്ടാവണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. സ്‌കൂള്‍ കാമ്പസ് മുഴുവന്‍ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോഴും തിരിച്ചു പോകുമ്പോഴും ക്ലാസില്‍ ഇരിക്കുമ്പോഴും സാമൂഹ്യ അകലം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ മാസ്‌ക് ധരിക്കണം. അക്കാദമിക് കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും മാർ​ഗനിർദ്ദേശങ്ങളിൽ പറയുന്നു.