Asianet News MalayalamAsianet News Malayalam

സിവിൽ സർവീസ് പ്രാഥമിക പരീക്ഷ നാലിന്: മാർഗ നിർദ്ദേശങ്ങളായി

വിദ്യാർത്ഥികൾക്കും പരീക്ഷാ നടത്തിപ്പിനായുളള ജീവനക്കാർക്കും അവരുടെ അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷാകേന്ദ്രത്തിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാം. 

guidelines released for civil service preliminary exam
Author
Delhi, First Published Oct 1, 2020, 8:32 AM IST


ദില്ലി: യു.പി.എസ്.സി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന സിവിൽ സർവീസ് (പ്രാഥമിക) പരീക്ഷ ഒക്‌ടോബർ നാലിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ നിന്നും 30000 ത്തോളം അപേക്ഷകരാണുളളത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പിനായി വിശദമായ മാർഗരേഖ യു.പി.എസ്.സി പുറപ്പെടുവിച്ചു. 

വിദ്യാർത്ഥികൾക്കും പരീക്ഷാ നടത്തിപ്പിനായുളള ജീവനക്കാർക്കും അവരുടെ അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷാകേന്ദ്രത്തിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുളളവർക്കും ഇത്തരത്തിൽ യാത്ര ചെയ്യാം. കെ.എസ്.ആർ.ടി.സി, കൊച്ചി മെട്രോ അടക്കമുളള പൊതുഗതാഗത സേവനങ്ങൾ ഇതിനായി സർവീസ് നടത്തും.

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, ഡിജിറ്റൽ/സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങി യാതൊരു വിവരസാങ്കേതിക ഉപകരണങ്ങളും കൊണ്ടുവരാൻ അനുവദിക്കില്ല. ഇതുറപ്പാക്കാൻ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് മുതൽ പരീക്ഷാഹാളിലേക്ക് പ്രവേശനം നൽകും. കൃത്യമായ സാമൂഹിക അകലം പാലിച്ച് മാത്രമെ പരീക്ഷാ ഹാളിലേക്കും പുറത്തേക്കുമുളള യാത്ര അനുവദിക്കൂ. 

ഏതെങ്കിലും പരീക്ഷാർത്ഥിക്ക് പനിയോ, ചുമയോ, തുമ്മലോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ഇൻവിജിലേറ്ററെ അറിയിക്കണം. ഇവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക മുറി അനുവദിക്കും. പരീക്ഷ നടക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് കേന്ദ്രത്തിലേക്കുളള പ്രവേശന കവാടം അടയ്ക്കും. അതിന് ശേഷം വരുന്ന പരീക്ഷാർത്ഥികൾക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ പരീക്ഷാർത്ഥികളും മുഖാവരണം ധരിക്കണം. തിരിച്ചറിയലിനായി ഇൻവിജിലേറ്റർ ആവശ്യപ്പെടുമ്പോൾ മാത്രമേ മുഖാവരണം മാറ്റേണ്ടതുളളൂ. ചെറിയ ബോട്ടിൽ സാനിറ്റൈസർ പരീക്ഷാർത്ഥികൾക്ക് കൈയിൽ കരുതാം.

Follow Us:
Download App:
  • android
  • ios