Asianet News MalayalamAsianet News Malayalam

കാഴ്ചയില്ലായ്മ തടസ്സമായില്ല; ലാപ്ടോപ്പിൽ എസ്എസ്എൽസി എഴുതി; ഹാറൂണിന് എല്ലാ വിഷയത്തിനും എ പ്ലസ്

മറ്റൊരു പ്രത്യേകത ലാപ്ടോപ്പിലാണ് ഹാറൂൺ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് തന്നെ ഹാറൂണിന്റെ വിജയത്തിന് തിളക്കമേറുകയാണ്. 

haroon karim get full a plus for all subjects
Author
Malappuram, First Published Jun 30, 2020, 3:02 PM IST

മലപ്പുറം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ രവീന്ദ്രനാഥ് പ്രത്യേകം പരാമർശിച്ച പേരാണ് ഹാറൂൺ കരീം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് ഹാറൂൺ ചരിത്രം തിരുത്തിയെഴുതിയിരിക്കുന്നത്. ഇങ്ങനെ പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയാണ് ഹാറൂൺ. മറ്റൊരു പ്രത്യേകത ലാപ്ടോപ്പിലാണ് ഹാറൂൺ എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് തന്നെ ഹാറൂണിന്റെ വിജയത്തിന് തിളക്കമേറുകയാണ്. 

മലപ്പുറം ജില്ലയിലെ മങ്കട ​ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ് ഹാറൂൺ. മേലാറ്റൂർ സ്വദേശികളായ അബ്ദുൾ കരീം-സാബിറ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഹാറൂൺ. കാഴ്ചശക്തിയില്ലാതെയാണ് ഈ ആൺകുഞ്ഞ് ജനിച്ചത്. ഇത്തരമൊരു പരിമിതി ഉള്ളതിനാൽ വള്ളിക്കാമ്പറ്റ അന്ധ വിദ്യാലയത്തിലായിരുന്നു അഞ്ചാം ക്ലാസ്സ് വരെ ഹാറൂൺ പഠിച്ചത്. പിന്നീട് എട്ടാം ക്ലാസ് മുതൽ മങ്കട ​ഗവൺമെന്റ് ഹൈസ്കൂളിൽ സാധാരണ കുട്ടികൾക്കൊപ്പം പഠിക്കാനെത്തി. അഞ്ചാം ക്ലാസ്സുമുതൽ താൻ കംപ്യൂട്ടർ ഉപയോ​ഗിക്കുമായിരുന്നു എന്ന് ഹാറൂൺ പറയുന്നു. 

കാഴ്ചയില്ല; ഹാറൂൺ എസ്എസ്എൽസി പരീക്ഷ എഴുതാൻ ഒരുങ്ങുന്നത് ലാപ്ടോപ്പിൽ'; എങ്ങനെയെന്നറിയണ്ടേ?..

സ്ക്രൈബിന്റെ സഹായത്തോടെയാണ് ആദ്യം ഹാറൂൺ പരീക്ഷയെഴുതിക്കൊണ്ടിരുന്നത്. പിന്നീട് അത് വേണ്ടെന്ന് വച്ചു. നോട്ടുകൾ കംപ്യൂട്ടറിൽ‌ ടൈപ്പ് ചെയ്യുകയാണ് ചെയ്തിരുന്നത്. പത്താം ക്ലാസ് പരീക്ഷ കംപ്യൂട്ടറിലെഴുതാൻ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി നേടിയിരുന്നു. കംപ്യട്ടറിന്റെ സ​ഹായത്തോടെ എസ്എസ്എൽസി പരീക്ഷയെഴുതുന്ന ആദ്യത്തെ വിദ്യാർത്ഥി എന്ന ബഹുമതിയും ഹാറൂണിന് സ്വന്തം. 'സാധിക്കില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്നതിലല്ല, പരിശ്രമിക്കുന്നതിലാണ് കാര്യ'മെന്നാണ് ഹാറൂണിന്റെ വിജയസമവാക്യം. തന്റെ വിജയം എത്തിപ്പിടിച്ചതിന്റെ സന്തോഷത്തിലാണ് ഹാറൂൺ കരീം.


 

Follow Us:
Download App:
  • android
  • ios