Asianet News MalayalamAsianet News Malayalam

'കാഴ്ചയില്ല; ഹാറൂൺ എസ്എസ്എൽസി പരീക്ഷ എഴുതാൻ ഒരുങ്ങുന്നത് ലാപ്ടോപ്പിൽ'; എങ്ങനെയെന്നറിയണ്ടേ?

'തോൽപ്പിച്ചു കളഞ്ഞു' എന്ന് അഹങ്കരിക്കുന്ന വിധിക്ക് മുന്നിൽ നിന്ന് വെല്ലുവിളിച്ച്, 'ഞാൻ‌ ജയിച്ചു കാണിക്കാം' എന്ന് മറുപടി കൊടുക്കുന്ന ചിലരുണ്ട്. അതിലൊരാളാണ് ഹാറൂൺ കരീം എന്ന് പറയാം. 

haroon the first blind student who writes sslc with the help of laptop
Author
Malappuram, First Published Mar 7, 2020, 12:16 PM IST

ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന ഒരു പരസ്യവാചകം കേട്ടിട്ടില്ലേ? ഹാറൂൺ കരീം എന്ന പത്താംക്ലാസുകാരനൊപ്പം ഈ വാചകത്തെ നമുക്ക് ചേർത്തുവെക്കാം. കാരണം വരുന്ന മാർച്ച് പത്തിന് എല്ലാ കുട്ടികളും എസ്എസ്എൽസി പരീക്ഷയെഴുതുമ്പോൾ ഹാറൂൺ കരീം എന്ന പത്താംക്ലാസുകാരൻ  എഴുതാൻ പോകുന്നത് ചരിത്രം കൂടിയാണ്. ജന്മനാ കാഴ്ചയില്ലാത്ത ഹാറൂൺ കംപ്യൂട്ടറിലാണ് ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതാനൊരുങ്ങുന്നത്. ഇത്തരമൊരു നീക്കം എസ്എസ്എൽസി പരീക്ഷയുടെ ചരിത്രത്തിലാദ്യം. ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യത്തെ വിദ്യാർത്ഥി എന്ന ഖ്യാതിയും ഹാറൂണിന് മാത്രം സ്വന്തം. 

'തോൽപ്പിച്ചു കളഞ്ഞു' എന്ന് അഹങ്കരിക്കുന്ന വിധിക്ക് മുന്നിൽ നിന്ന് വെല്ലുവിളിച്ച്, 'ഞാൻ‌ ജയിച്ചു കാണിക്കാം' എന്ന് മറുപടി കൊടുക്കുന്ന ചിലരുണ്ട്. അതിലൊരാളാണ് ഹാറൂൺ കരീം എന്ന പത്താംക്ലാസുകാരന്‍. മലപ്പുറം ജില്ലയിലെ മങ്കട ​ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിയായ ഹാറൂൺ കരീം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.

മലപ്പുറം ജില്ലയിലെ മേലാറ്റൂർ സ്വദേശികളായ അബ്ദുൾ കരീം-സാബിറ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഹാറൂൺ. കാഴ്ചശക്തിയില്ലാതെയാണ് ഈ ആൺകുഞ്ഞ് ജനിച്ചത്. ഇത്തരമൊരു പരിമിതി ഉള്ളതിനാൽ വള്ളിക്കാമ്പറ്റ അന്ധ വിദ്യാലയത്തിലായിരുന്നു അഞ്ചാം ക്ലാസ്സ് വരെ ഹാറൂൺ പഠിച്ചത്. പിന്നീട് എട്ടാം ക്ലാസ് മുതൽ മങ്കട ​ഗവൺമെന്റ് ഹൈസ്കൂളിൽ സാധാരണ കുട്ടികൾക്കൊപ്പം പഠിക്കാനെത്തി. അഞ്ചാം ക്ലാസ്സുമുതൽ താൻ കംപ്യൂട്ടർ ഉപയോ​ഗിക്കുമായിരുന്നു എന്ന് ഹാറൂൺ പറയുന്നു. 

''ഒരിക്കൽ ഒരു സുഹൃത്ത് വിളിച്ച് കുറച്ച് നോട്ട്സ് ടൈപ്പ് ചെയ്ത് തരുമോ എന്ന് ചോദിച്ചു. ഞാനത് മുഴുവൻ ടൈപ്പ് ചെയ്ത് കൊടുത്തു. അപ്പോഴാണ് പെട്ടെന്നൊരു ഐഡിയ തോന്നിയത്. ഈ ടെക്നോളജി എന്തുകൊണ്ട് എന്റെ പരീക്ഷയിൽ ഉപയോ​ഗിച്ചു കൂട? അങ്ങനെയാണ് കംപ്യൂട്ടറിന്റെ സ​ഹായത്തോടെ പരീക്ഷയെഴുതാം എന്ന് തീരുമാനിക്കുന്നത്.'' അങ്ങനെ എട്ടാം ക്ലാസ് മുതൽ കംപ്യൂട്ടറിൽ ഹാറൂൺ പരീക്ഷയെഴുതി തുടങ്ങി. ഉത്തരങ്ങൾ ടൈപ്പ് ചെയ്ത് പ്രിന്റെടുത്ത് അധ്യാപകർക്ക് നൽകുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. 

സാധാരണ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾ സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതുന്നത്. പരിമിതികളുള്ള വിദ്യാർത്ഥികൾ മറ്റൊരാളുടെ സഹായത്തോടെ പരീക്ഷയെഴുതുന്ന സംവിധാനമാണ് സ്ക്രൈബ്. എന്നാൽ ഈ രീതി പിന്തുടരുന്നതിൽ തനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് ഹാറൂൺ പറയുന്നു. ''കാരണം, എന്റെ മനസ്സിൽ തോന്നുന്ന ഉത്തരങ്ങൾ ക്രോഡീകരിച്ച്, ചുരുക്കി മാത്രമേ ആ സാഹചര്യത്തിൽ എഴുതാൻ സാധിക്കൂ. എഴുതുന്ന ആളുടെ ഭാഷാസ്വാധീനവും ഉത്തരങ്ങളിലുണ്ടാകും. മാത്രമല്ല ഞാൻ എഴുതി എത്ര മാർക്ക് നേടിയാലും സ്ക്രൈബിന്റെ സ​ഹായത്തോടെയല്ലേ എന്നൊരു ചോദ്യമുണ്ടാകും. എനിക്ക് അതിനോട് യോജിക്കാൻ സാധിക്കുന്നില്ല.'' ഹാറൂൺ വിശദീകരിച്ചു.

ഇത്തരം വിദ്യാർത്ഥികൾ സ്ക്രൈബിന്റെ സ​ഹായം തേടിയിരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്.  അവരുടെ മാധ്യമമായ ബ്രെയിൽ ലിപി സാധാരണക്കാർക്കും മൂല്യനിർണയം നടത്തുന്ന അധ്യാപകർക്കും സുപരിചിതമല്ലാത്തതാണ് സ്ക്രൈബിനെ നിയോ​ഗിക്കാൻ കാരണം. ആദ്യമൊക്കെ താനും സ്ക്രൈബിന്റെ സഹായത്തോടെയാണ് താനും പരീക്ഷ യെഴുതിയിരുന്നതെന്ന് ഹാറൂൺ പറയുന്നു. 

പരീക്ഷ കംപ്യൂട്ടറിലെഴുതാം എന്ന് തീരുമാനിച്ചപ്പോൾ മുതൽ മറ്റ് കുട്ടികൾ നോട്ട്ബുക്കിലെഴുതുമ്പോൾ ഹാറൂൺ നോട്ടുകൾ ടൈപ്പ് ചെയ്തു. സ്വയം വികസിപ്പിച്ച, പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ടെക്സ്റ്റ് ബുക്കുകൾ കേട്ടു പഠിച്ചു. അങ്ങനെ എസ്എസ്എൽസി പരീക്ഷയും കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതാമെന്ന് തീരുമാനിച്ചു. എന്നാൽ ഇത്തരമൊരു കാര്യത്തെക്കുറിച്ച് സ്കൂൾ അധികൃതരോട് സംസാരിച്ചപ്പോൾ പറ്റില്ല എന്നായിരുന്നു ആദ്യത്തെ മറുപടി. ''പിന്നീട് ഞങ്ങൾ നേരിട്ട് പോയി സ്പീക്കർ ശ്രീരാമകൃഷ്ണനെ കണ്ട് സംസാരിച്ചു. അദ്ദേഹമാണ് ഓകെ പറഞ്ഞത്.'' വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉത്തരവ് നേടിയാണ് ലാപ്ടോപ്പിൽ പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നതെന്ന് ഹാറൂൺ വ്യക്തമാക്കി. അങ്ങനെ ആദ്യമായി കംപ്യൂട്ടർ സഹായത്തോടെ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന ആദ്യ വിദ്യാർത്ഥിയാകാനുള്ള ഒരുക്കത്തിലാണ് ​ഹാറൂൺ. 

'നിന്നെക്കൊണ്ട് സാധിക്കുമോ, എന്നാൽ നമുക്കത് ചെയ്യാം' എന്ന് പറഞ്ഞ് താങ്ങും തണലുമായി കൂടെ നിൽക്കുന്ന ഉപ്പയും ഉമ്മയും താത്തമാരുമാണ് തന്റെ വിജയങ്ങളുടെ നെടുംതൂൺ എന്ന് ഹാറൂൺ പറയുന്നു. അവരെക്കുറിച്ച് പറയാതെ എനിക്കൊന്നും പറയാനില്ലെന്നും ഹാറൂൺ കൂട്ടിച്ചേർക്കുന്നു. 'സാധിക്കില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്നതിലല്ല, പരിശ്രമിക്കുന്നതിലാണ് കാര്യ'മെന്നാണ് ഹാറൂണിന്റെ വിജയസമവാക്യം. 

''ഞാനിപ്പോൾ എനിക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധിയിലാണ് എത്തിനിൽക്കുന്നത്. എന്റെ അധ്വാനക്കുറവ് കൊണ്ട് എനിക്കൊന്നും നഷ്ടപ്പെടരുത്. അത്രയേ ഉള്ളൂ. എന്റെ ഇപ്പോഴത്തെ ഈ ചുവടുവയ്പ് ഇത്തരം പരിമിതികൾ നേരിടുന്ന കുട്ടികൾക്ക് പ്രചോദനമാകണം.'' ഹാറൂണിന്റെ ആത്മവിശ്വാസം നിറയുന്ന വാക്കുകൾ. ഭാവിയിൽ ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറാകാനാണ് ഹാറൂണിന്റെ ആ​ഗ്രഹം. അടിമുടി ഊർജ്ജം നിറയുന്ന ഹാറൂണിന്റെ വാക്കുകളിൽ നിന്ന് നമുക്ക് മനസിലാക്കാം, തന്റെ സ്വപ്നത്തെ ഈ കൗമാരക്കാരൻ ഭാവിയിൽ എത്തിപ്പിടിക്കുമെന്ന്. 

Follow Us:
Download App:
  • android
  • ios