ഉത്തർപ്രദേശ്: പത്താം ക്ലാസ് പാസ്സായതിന് ശേഷം പതിനൊന്നാം ക്ലാസിൽ പ്രവേശനം ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വാട്ട്സ് ആപ്പിലൂടെ സൗകര്യമൊരുക്കി ഹരിയാനയിലെ സ്കൂൾ. സ്കൂൾ രേഖകളും പത്താം ക്ലാസ് ഫലവും വാട്ട്സ് ആപ്പിലൂടെ സ്കൂൾ പ്രിൻസിപ്പലിന് അയച്ചു കൊടുത്താൽ മതിയാകും. നിലവിൽ ഫീസും സമർപ്പിക്കേണ്ട ആവശ്യമില്ല. 

ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ ഔദ്യോ​ഗിക പ്രസ്താവന അനുസരിച്ച് കൊവിഡ് 19 മഹാമാരി വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഈ തീരുമാനം. വിദ്യാർത്ഥികളുടെ താത്പര്യം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും പ്രസ്താവനയിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം വിദ്യാർത്ഥികളുടെ സുരക്ഷയെ കൂടി മുൻനിർത്തിയാണ്. അവരുടെ വീടുകളിൽ തന്നെ ഇരുന്ന് സ്കൂളുകളിൽ പ്രവേശനം നേടാൻ സാധിക്കും. ഹരിയാന വിദ്യാഭ്യാസ മന്ത്രി കൻവർ പാൽ വ്യക്തമാക്കി. 

മികച്ച പരീക്ഷാ ഫലം ലഭിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഇത്തവണ 64.59 ആണ് വിജയശതമാനം. 2019ൽ 57.39 ഉം 2018 ൽ 51.15 ഉം ആയിരുന്നു.