സ്കൂൾ പഠനകാലത്തെ വായനാശീലം സിവിൽ സർവീസ് വിജയത്തിന് സഹായകമായെന്ന് ഡോ. അദീല അബ്ദുല്ല ഐഎഎസ്. പാഠപുസ്തകത്തിനപ്പുറത്തേക്കുള്ള വായനയും പാഠങ്ങൾ മനസ്സിലാക്കി പഠിക്കുന്നതിന്റെയും പ്രാധാന്യം അവർ ഊന്നിപ്പറയുന്നു.
തന്‍റെ സ്കൂൾ പഠനകാലം ഓർത്തെടുത്ത് ഡോ അദീല അബ്ദുല്ല ഐഎഎസ്. പരീക്ഷയ്ക്കായി പഠിക്കുന്ന ശീലം തനിക്ക് സ്കൂൾ കാലം മുതലില്ലെന്നും എടുത്താൽ പൊന്താത്ത മാർക്ക് ഒന്നും കിട്ടിയിട്ടുമില്ലെന്നും അദീല കുറിച്ചു. പാഠപുസ്തകത്തിനപ്പുറത്തേക്ക് വായനാശീലം വേണം. ആ വായന സിവിൽ സർവീസ് പരീക്ഷയിൽ സഹായകരമായി. പാഠപുസ്തകം പരീക്ഷയ്ക്കു വേണ്ടി പഠിക്കുന്നതൊഴിവാക്കി, അതിലെ കാര്യങ്ങൾ മനസിലാക്കാൻ വേണ്ടി പഠിക്കുകയാണ് വേണ്ടതെന്നാണ് വിദ്യാർത്ഥികൾക്ക് അദീല അബ്ദുല്ല നൽകുന്ന ഉപദേശം.
കുറിപ്പിന്‍റെ പൂർണരൂപം
'മാർക്കിനോട് പോയി പണി നോക്കാൻ പറയണം മിസ്റ്റർ’
പത്താം ക്ലാസ് വരെയുള്ള മാർക്ക് ആർക്കെങ്കിലും ജീവിതത്തിൽ ഉപകാരപ്പെട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. മൈക്രോ സോഫ്റ്റിന്റെ സാക്ഷാൽ സത്യാ നാദെല്ലയെപ്പോലുള്ളവർ സ്കൂളിൽ സാധാരണ മാർക്ക് ലഭിച്ചയാളുകളായിരുന്നു.എന്നിട്ടും പുള്ളിയെപ്പോലുള്ള വർ അവിടെയൊക്കെ എത്തിയില്ലേ. മാർക്കില്ലെങ്കിലും ജീവിതവിജയം ഉറപ്പ്.
അപ്പോൾ പിന്നെ എന്താണു വേണ്ടത്? നന്നായി വായിക്കുകയാണു വേണ്ടതെന്നു ഞാൻ പറയും. പാഠ പുസ്തകം മാത്രമല്ല, കഥാ പുസ്തകവും. പുസ്തകവുമായുള്ള പ്രണയമാണ് എന്റെ പ്രിയപ്പെട്ട സ്കൂൾ അനുഭവം. പാഠപുസ്തകത്തെയും കഥാപുസ്തകത്തെയും ഒരുപോലെ സ്നേഹിച്ച കാലം. ആദ്യ അവസരത്തിൽ തന്നെ വെറും നാല് മാസത്തെ തയ്യാറെടുപ്പു കൊണ്ട് സിവിൽ സർവീസ് പരീക്ഷ വിജയിച്ചത് ഈ ചിട്ടയായ വായനയിലൂടെയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പരീക്ഷയ്ക്ക് അല്ലാതെ ദിവസവും നിശ്ചിത സമയം പഠിച്ചിരുന്ന എനിക്ക് എട്ടാം ക്ലാസിലെ എൻസിഇആർടി പാഠപുസ്തകം 11 വർഷത്തിനുശേഷം സിവിൽ സർവീസ് പരീക്ഷയ്ക്കായി തുറന്നപ്പോഴും അതിലെ എല്ലാ പാഠങ്ങളും എനിക്ക് ഓർമയുണ്ടായിരുന്നു.
പരീക്ഷയ്ക്കായി പഠിക്കുന്ന ശീലം സ്കൂൾ കാലം മുതലില്ല. എടുത്താൽ പൊന്താത്ത മാർക്ക് ഒന്നും കിട്ടിയിട്ടുമില്ല. സാധാരണ മാർക്ക്. അതിലൊരു കുഴപ്പവും തോന്നിയിട്ടുമില്ല. എല്ലാ പാഠഭാഗവും ദിവസവും വായിക്കുന്നതായിരുന്നു ശീലം. വായിക്കുന്നത് ഒരുപാടു കാലം ഓർമയിൽ നിൽക്കാൻ അതു സഹായിക്കും. പാഠങ്ങൾ ആസ്വദിക്കാനും .
പരീക്ഷത്തലേന്നു ഓടിയുള്ള പഠിത്തം അതിനാൽ ഇല്ല, പകരം ഞാൻ നന്നായി ഉറങ്ങും. ഓരോ പാഠപുസ്തകവും ഓരോ ലോകമാണു തുറന്നു തരുന്നത്. അതു സഞ്ചരിക്കാനും ആസ്വദിക്കാനുമുള്ളതാണ്. ടെൻഷൻ അടിച്ചു മറിച്ചിടാനുള്ളതല്ല ആ താളുകൾ. പാഠപുസ്തകം പരീക്ഷയ്ക്കു വേണ്ടി പഠിക്കുന്നതൊഴിവാക്കി, അതിലെ കാര്യങ്ങൾ മനസിലാക്കാൻ വേണ്ടി പഠിച്ചാൽ നന്നാവും.. പുസ്തകങ്ങളിൽ മികച്ചതാണു പാഠപുസ്തകം. ഒരുപാടുപേർ ചേർന്നുണ്ടാക്കുന്നത്. അത്, പാഠപുസ്തകം ഒരു മുതൽക്കൂട്ടാണ്.
സ്കൂളിലേതുപോലെ സുന്ദരമായി, അന്തം വിട്ട്, ആസ്വദിച്ചു നടക്കാൻ സുന്ദരവും സുരക്ഷിതവുമായ മറ്റൊരു സ്ഥലമുണ്ടോ? നമ്മളെ ചേർത്തു പിടിക്കാൻ എത്ര കൈകളാണ്. പിന്നെ മത്സരിക്കുന്നതെന്തിനു നാം വൃഥാ.. അല്ലേ?.. "ഗോ ടു യുവർ ക്ലാസസ് ആൻഡ് എൻജോയ് ദി ടൈം."