രാത്രി 11:30 ന് സൊമാറ്റോ വഴി രണ്ട് മട്ടൺ ബിരിയാണി ഓർഡർ ചെയ്തിട്ട് പുലർച്ചെ 1.50 ആയിട്ടും ലഭിച്ചില്ലെന്ന് പരാതി

ദില്ലി: സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്ത് രണ്ടര മണിക്കൂർ കാത്തിരുന്നിട്ടും ലഭിച്ചില്ലെന്ന് പരാതി. ശ്രേഷ്ഠ പോൾ എന്ന കോളജ് അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്. എഐയും തത്സമയ ട്രാക്കിംഗും ചാറ്റ് വഴിയുള്ള സേവനവുമെല്ലാം ഉണ്ടായിരുന്നിട്ടാണ് ഈ മോശം അനുഭവമെന്ന് അധ്യാപിക വിമർശിച്ചു. പിന്നാലെ സൊമാറ്റോ ക്ഷമാപണം നടത്തി.

രാത്രി 11:30 ന് സൊമാറ്റോ വഴി രണ്ട് മട്ടൺ ബിരിയാണി ഓർഡർ ചെയ്തു. തുടർന്നാണ് നിരാശാജനകമായ സംഭവങ്ങളുണ്ടായതെന്ന് ശ്രേഷ്ഠ ലിങ്ക്ഡിനിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. വളരെ വൈകി വന്ന ഡെലിവറി ഏജന്റ് എത്തിച്ചത് താൻ ഓർഡർ ചെയ്യാത്ത ഭക്ഷണമാണ്. ആപ്പിൽ പരാതിപ്പെട്ടപ്പോൾ അവർ ഒരു കൂപ്പൺ നൽകാമെന്ന് പറഞ്ഞു. അതല്ല യഥാർത്ഥ പരിഹാരമെന്ന് അധ്യാപിക പറയുന്നു.

പിന്നീട് പുതിയൊരു ഓർഡർ നൽകി. ലൊക്കേഷൻ വിശദാംശങ്ങൾ പങ്കിട്ടിട്ടും ഡെലിവറി ഏജന്‍റ് എത്തിയില്ല. അപ്പോഴേക്കും പുലർച്ചെ 1:53 ആയി. അതായത് രണ്ടര മണിക്കൂർ കഴിഞ്ഞു. അത്രയും സമയമായിട്ടും ഭക്ഷണം ലഭിച്ചില്ലെന്ന് മാത്രമല്ല, ഉണർന്നിരുന്ന് അത്രയും സമയം ഈ ഓർഡറിന് പിന്നാലെ പോയി നഷ്ടമായി. രണ്ടു തവണയും നിരാശയായിരുന്നു ഫലമെന്ന് അധ്യാപിക കുറിച്ചു.

"റീഫണ്ട് കൊണ്ട് വയറു നിറയ്ക്കാൻ കഴിയില്ല സൊമാറ്റോ" എന്നാണ് ശ്രേഷ്ഠയുടെ വിമർശനം. സൊമാറ്റോയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും അവർ പരാതിപ്പെട്ടു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സൊമാറ്റോ ക്ഷമാപണം നടത്തി. വിശദമായ അന്വേഷണത്തിന് മൊബൈൽ നമ്പർ ഉൾപ്പെടെ വിവരങ്ങൾ കൈമാറാനും ആവശ്യപ്പെട്ടു.

https://www.linkedin.com/feed/update/urn:li:activity:7335764279050039297/