സംസ്കർത രേഖകളിലെ ഗണിത, സാങ്കേതിക പരിജ്ഞാനത്തേക്കുറിച്ച് അറിവ് നല്‍കുന്ന കോഴ്സുമായി ഐഐടി ഇന്‍ഡോര്‍. ഗണിത ശാസ്ത്രത്തിലും സാങ്കേതിക പരിജ്ഞാനത്തിലും സംസ്കൃതത്തിലുള്ള പൌരാണിക രേഖകളുപയോഗിച്ചാണ് കോഴ്സിന്‍റെ പഠന രീതി. ഓഗസ്റ്റ് 22ന് ആരംഭിച്ച കോഴ്സ് ഒക്ടോബര്‍ രണ്ടിനാണ് അവസാനിക്കുക. 

ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍റെ ക്വാളിറ്റി  ഇംപ്രൂവ്മെന്‍റ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് ഈ കോഴ്സ്. 62 മണിക്കൂര്‍ നീളുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള 750ല്‍ അധികം പേരാണ് പഠിതാക്കള്‍ ആയുള്ളതെന്നാണ് ഐഐടി ഇന്‍ഡോര്‍ ദി ഹിന്ദുവിനോട് പ്രതികരിച്ചത്. 

പൌരാണിക ഇന്ത്യയിലെ എഴുത്തുകളുടെ മാധ്യമ സംസ്കൃതമായിരുന്നു. ഗണിത ശാസ്ത്രത്തിലും സാങ്കേതിക ജ്ഞാനത്തിലും പൌരാണിക ഇന്ത്യയ്ക്ക് വലിയ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് ഇതിനെക്കുറിച്ച് കാര്യമായ ധാരണയില്ല. പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ക്ക് ഇക്കാര്യത്തില്‍ അറിവ് നല്‍കുന്നതിനാണ് ഈ കോഴ്സ് തുടങ്ങിയതെന്നാണ് ഐഐടി ഇന്‍ഡെറിലെ പ്രൊഫസര്‍ നീലേഷ് കുമാര്‍ ദി ഹിന്ദുവിനോട് വ്യക്തമാക്കിയത്. 

ഗണിതശാസ്ത്രത്തില്‍ ഗവേഷണം, പഠനം, പഠിപ്പിക്കല്‍  എന്നിവ സംസ്കൃതത്തിലാവുന്നത് വിദ്യാര്‍ഥികളെ വലിയ രീതിയില്‍ പ്രചോദിപ്പിക്കുമെന്നും ഐഐടി ഇന്‍ഡോര്‍ പറയുന്നു. രണ്ട് വിഭാഗമായാണ് കോഴ്സ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ഭാഷ പരിചിതമല്ലാത്തവര്‍ക്ക് സംസ്കൃതമടക്കം നടത്തുന്ന പഠനരീതി. സംസ്കൃതം അറിയാവുന്നവര്‍ക്കുള്ളതാണ് രണ്ടാമത്തെ രീതി.