സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 863 ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 476 ഉം ഉള്‍പ്പെടെ മൊത്തം 1339 സ്കൂളുകളിൽ ഹൈടെക് വിന്യാസം പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി 28,741 ഐ ടി ഉപകരണങ്ങൾ ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്ക് നൽകി.

എറണാകുളം: കഴിഞ്ഞ നാലു വർഷങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് മുന്‍പും പിന്‍പും എന്ന് രേഖപ്പെടുത്തുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സാധ്യമായത്. പൊതുവിദ്യാലയങ്ങളിലെ അധ്യയനവര്‍ഷാരംഭത്തില്‍ സാധാരണ കാണാറുള്ള പരാധീനതകളും ശോച്യാവസ്ഥളും മാധ്യമങ്ങളിൽ നിരന്തരം വാർത്തയായിരുന്ന സാഹചര്യത്തിൽ നിന്നും പൊതുവിദ്യാലയങ്ങള്‍ ലോകനിലവാരത്തിലേക്കുയര്‍ന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. 

അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന പല വിദ്യാലയങ്ങളും പഴയ പ്രൗഡി വീണ്ടും തിരിച്ചെടുത്തു. നിരന്തര പരിഷ്ക്കരണം, അക്കാദമിക തലത്തിലും വിദ്യാലങ്ങളിലെ ഭൗതിക സാഹചര്യത്തിനും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസ പ്രക്രിയ അതിവേഗം സാങ്കേതികാധിഷ്ഠിതമായി മാറി. കുട്ടികളുടെ പഠനനിലവാരം അധ്യാപകര്‍ക്ക് വിലയിരുത്താനും കുട്ടികളുടെ സമഗ്രവിവരം അധ്യാപകർക്ക് ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള സാങ്കേതികാധിഷ്ഠിത സംവിധാനങ്ങൾ അനന്ത സാധ്യതകള്‍ അക്കാദമികതലത്തില്‍ ഒരുക്കിയിരിക്കുന്നു. സമയതം, സമഗ്രം, സമ്പൂര്‍ണ തുടങ്ങിയ സോഫ്റ്റ് വെയര്‍ അധിഷ്ഠിത സംവിധാനങ്ങള്‍ കുട്ടികളുടെ വിവരങ്ങളും അവരുടെ അക്കാദമിക നിലവാരവും അധ്യാപകര്‍ക്ക് കൃത്യമായി വിലയിരുത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു.

ടെക്നോളജി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ യുഗത്തിൽ വിദ്യാഭ്യാസ രംഗത്തും ഇത്തരം മാറ്റങ്ങൾ അനിവാര്യമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഭാഗമായി ജില്ലയിൽ നാലര വർഷം കൊണ്ട് 1339 വിദ്യാലയങ്ങളാണ് ഹൈടെക്കായി മാറിയത്. ഇതിലൂടെ ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സഹായത്തോടെ പാഠഭാഗങ്ങൾ കുട്ടികളുടെ മുന്നിലെത്തി. സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 863 ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 476 ഉം ഉള്‍പ്പെടെ മൊത്തം 1339 സ്കൂളുകളിൽ ഹൈടെക് വിന്യാസം പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി 28,741 ഐ ടി ഉപകരണങ്ങൾ ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്ക് നൽകി.

8811 ലാപ്‍ടോപ്പ്, 5412 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍‍, 7363 യു.എസ്.ബി. സ്പീക്കര്‍, 3482 മൗണ്ടിംഗ് അക്സസറീസ്, 1916 സ്ക്രീന്‍, 431 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 407 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 476 എച്ച്.ഡി വെബ്ക്യാം, 443, 43 ഇഞ്ച് ടെലിവിഷന്‍ എന്നിവ ജില്ലയില്‍ വിന്യസിച്ചു. 1041സ്കൂളുകളില്‍ ഹൈസ്‍ പീ‍ഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി.

ജില്ലയില്‍ 192 ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ് യൂണിറ്റുകളിലായി 10335 അംഗങ്ങളുണ്ട്. 14206 അധ്യാപകര്‍ ജില്ലയില്‍ പ്രത്യേക ഐടി പരിശീലനം നേടി. ജില്ലയില്‍ ഹൈടെക് പദ്ധതികളില്‍ കൈറ്റ് ഏറ്റവും കൂടുതല്‍ ഐടി ഉപകരണങ്ങള്‍ വിന്യസിച്ചത് എന്‍.എന്‍.ഡി.പി.എച്ച്.എസ്.എസ് ഉദയംപേരൂര്‍‍ (268) ആണ്. കെ.പി.എം. വി.എച്ച്.എസ്.എസ് പൂത്തോട്ടയും (239) എസ്.എന്‍.എച്ച്.എസ്.എസ് ഒക്കലും (238) ആണ് തൊട്ടടുത്ത്. സ്കൂളുകളില്‍ വിന്യസിച്ചിട്ടുള്ള ഹൈടെക് ഉപകരണങ്ങള്‍ സ്കൂള്‍‍, തദ്ദേശ ഭരണസ്ഥാപനം, അസംബ്ലി, പാര്‍ലമെന്റ് മണ്ഡലം എന്നിങ്ങനെ തിരിച്ച് സമേതം പോര്‍ട്ടലിലെ(sametham.kite.kerala.gov.in) ഹൈടെക് സ്കൂള്‍സ് ലിങ്കില്‍ ലഭ്യമാണ്. പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 46.5 കോടിയും പ്രാദേശിക തലത്തില്‍ 13.43 കോടിയും ഉള്‍പ്പെടെ 59.93 കോടി രൂപ ചെലവായിട്ടുണ്ടെന്ന് കൈ കോഡിനേറ്റർ പി എൻ സജിമോൻ പറഞ്ഞു.

പരീക്ഷ അടുത്താലും കുട്ടികൾക്ക് പാഠപുസ്തകം ലഭ്യമാക്കാത്ത കാലഘട്ടത്തിൽ നിന്നും വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് തന്നെ അതത് വർഷത്തെ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ നാലര വർഷം കൊണ്ട് ലഭ്യമായി തുടങ്ങി. കുട്ടികളുടെ പുസ്തക ഭാരം കണക്കിലെടുത്ത് വാല്യങ്ങൾ ആയാണ് പുസ്തക വിതരണം നടത്തിയത്. 2018ലെയും 2019ലെയും പ്രളയത്തിനും 2020 ൽ കോവിഡ് 19 മഹാമാരി ഉയർത്തിയ വെല്ലുവിളികളെയും അതിജീവിച്ച് പൊതുവിദ്യാഭ്യാസരംഗം മുന്നേറുന്നതിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളുടെ പങ്ക് വളരെ വലുതാണ്. 

കോവിഡ് പശ്ചാതലത്തിൽ വിദ്യാർഥികളുടെ പഠനം അനിശ്ചിതത്വത്തിൽ ആവാതെ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി. വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾക്ക് പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊടുത്തു. കഴിഞ്ഞ നാലര വർഷം കൊണ്ട് അതിനാൽ തന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള പൊതുവിദ്യാഭ്യാസരംഗം ഭാവി കേരളത്തിന്‍റെ ഉയര്‍ന്ന നിലവാരത്തിലുള്ള സമൂഹ നിര്‍മ്മിതിയുടെ അടിത്തറയാവുകയാണ്. സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തോടെ ഉള്ള പ്രയത്നത്തിലൂടെ ജില്ലയിലെ പൊതു വിദ്യാലയങ്ങൾ മികവിന്റ കേന്ദ്രങ്ങളാക്കി ഉയർത്തിയപ്പോൾ മുന്നേറിയത് വിദ്യാലയ അന്തരീക്ഷം മാത്രമല്ല വിദ്യാർത്ഥികളുടെ മാനസിക നിലവാരം കൂടിയാണ്.