Asianet News MalayalamAsianet News Malayalam

ട്രാൻസിലേഷണൽ എൻജിനിയറിങ്ങിൽ ഇന്റർഡിസിപ്ലിനറി എംടെക്; സ്‌റ്റൈപെന്റോടെ ഇന്റേൺഷിപ്പ്

പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു വിദേശ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഐ.ഐ.ടികളിലും സ്‌റ്റൈപെന്റോടെയുള്ള ഇന്റേൺഷിപ്പിന് അവസരം ലഭിക്കുമെന്നതും കോഴ്സിന്റെ പ്രത്യേകതയാണ്.

Interdisciplinary M.Tech  Translational Engineering
Author
Trivandrum, First Published Nov 9, 2021, 4:45 PM IST

തിരുവനന്തപുരം: ഇന്റർ ഡിസിപ്ലിനറി (Inter Disciplinary)  വിദ്യാഭ്യാസ മേഖലയിൽ എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ് നടത്തുന്ന ട്രാൻസിലേഷണൽ എൻജിനിയറിങ് (Translational Engineering) ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഏഴാമതു ബാച്ചിലേക്ക് അഡ്മിഷൻ (Admission) ആരംഭിച്ചു. ട്രാൻസിലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ് സെന്റർ വഴി സംഘടിപ്പിക്കുന്ന കോഴ്സിന്റെ ആറു ബാച്ചുകൾ ഇതിനകം പരിശീലനം പൂർത്തിയാക്കി. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു വിദേശ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഐ.ഐ.ടികളിലും സ്‌റ്റൈപെന്റോടെയുള്ള ഇന്റേൺഷിപ്പിന് അവസരം ലഭിക്കുമെന്നതും കോഴ്സിന്റെ പ്രത്യേകതയാണ്.

അടിസ്ഥാന പഠനത്തിനൊപ്പം വിവിധ തലങ്ങളിലേക്കുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തെക്കുറിച്ചു പഠിക്കാൻ വിദ്യാർഥികളെ പര്യാപ്തമാക്കുന്ന കോഴ്സിൽ അനുഭവപരമായ പഠനത്തിനും പ്രായോഗിക പ്രവർത്തനങ്ങൾക്കുമാണു കൂടുതൽ ഊന്നൽ നൽകുന്നത്. വാട്ടർ ക്വാളിറ്റി മോഡലിങ്, എനർജി എൻവയോൺമെന്റ് ആൻഡ് സസ്റ്റാൻഷ്യബിൾ ഡെവലപ്മെന്റ്, ദുരന്ത നിവാരണത്തിലെ ജിയോ ഇൻഫർമാറ്റിക്സ്, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജസ്രോതസുകൾ, അപ്ലൈഡ് ഹൈഡ്രോളജി, വ്യാവസായിക മാലിന്യ സംസ്‌കരണം, നഗരപരിസ്ഥിതി, മാലിന്യത്തിൽനിന്നുള്ള ഊർജോത്പാദനം, റിലയബിലിറ്റി എൻജിനിയറിങ്, സ്മാർട്ട് ഗ്രിഡ് ടെക്നോളജിയും ആപ്ലിക്കേഷനുകളും, ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ ഓഫ് പവർ സിസ്റ്റംസ്, ക്ലൗഡ് കംപ്യൂട്ടിങ്, ബയോമെഡിക്കൽ സിഗ്‌നൽ പ്രോസസിങ്, പാറ്റേൺ റെക്കഗ്‌നേഷൻ ആൻഡ് മെഷീൻ ലേണിങ്, അഡാപ്റ്റിവ് സിഗ്‌നൽ പ്രോസസിങ് തുടങ്ങിയ വിവിധ വിഷയങ്ങൾ കോഴ്സിന്റെ ഭാഗമായി തെരഞ്ഞെടുക്കാം. വിദ്യാർഥികൾക്ക് താത്പര്യമനുസരിച്ച് ഒരു കോഴ്സ് തെരഞ്ഞെടുക്കാനാകും.

45,000 രൂപയാണു സെമസ്റ്റർ ട്യൂഷൻ ഫീസ്. ഇന്റേൺഷിപ്പുകൾ, ഐടിഐ സന്ദർശനങ്ങൾ, സോഷ്യൽ റെസ്പോൺസിബിലിറ്റി ക്യാംപുകൾ, വ്യാവസായിക സന്ദർശനങ്ങൾ, ഗവേഷണത്തിനുള്ള സഹായം തുടങ്ങിയവയും കോഴ്സിന്റെ ഭാഗമായി ലഭിക്കും. കൂടുതൽ വിവരങ്ങൾ www.tplc.gecbh.ac.in, www.gecbh.ac.in, www.ecoloop360.com, www.alphavogue.org, www.nestabide.com എന്നിവയിൽ ലഭിക്കും.

Follow Us:
Download App:
  • android
  • ios