സർക്കാർവകുപ്പുകൾ, സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതു-സ്വകാര്യ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയിലാണ് വിദ്യാർഥികൾക്ക് ജോലി നൽകാവുന്നത്. വർഷം 90 ദിവസംവരെ ജോലിചെയ്യാം.
തിരുവനന്തപുരം: യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തൊഴിലില്ലായ്മ. മികച്ച വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിലിടങ്ങളിൽ തഴയപ്പെടുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള സർക്കാർ. പഠനത്തൊടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുന്ന സംസ്കാരം വളർത്തിയെടുക്കുന്നത് നയമായി സ്വീകരിക്കാൻ സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.
വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലിചെയ്യാനുള്ള അനുമതിക്ക് മാനദണ്ഡങ്ങൾ തയ്യാറായിക്കഴിഞ്ഞു. അഞ്ചു വിദ്യാർഥികളിൽ കൂടുതൽ ആറുമാസത്തേക്കു ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ പ്രത്യേക സർട്ടിഫിക്കറ്റ് നൽകും. സർക്കാർ സ്ഥാപനങ്ങൾക്ക് ശമ്പളം നൽകാൻ അനുവദിച്ചിട്ടുള്ള പണത്തിന്റെ 15 ശതമാനം വരെ വിദ്യാർഥികൾക്ക് പ്രതിഫലമായി നൽകാം.
‘സപ്പോർട്ടിങ് യൂത്ത് എംപ്ലോയബിലിറ്റി ഇൻ ദി സ്‌റ്റേറ്റ്’ എന്ന സർട്ടിഫിക്കറ്റാണു നൽകുക. സർക്കാർവകുപ്പുകൾ, സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതു-സ്വകാര്യ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയിലാണ് വിദ്യാർഥികൾക്ക് ജോലിനൽകാവുന്നത്. വർഷം 90 ദിവസംവരെ ജോലിചെയ്യാം.
ജോലിചെയ്യാൻ താത്പര്യമുള്ള വിദ്യാർഥികളുടെ ഡേറ്റാബേസ് തയ്യാറാക്കും. മൊബൈൽ ആപ് വഴി ഈ ഡേറ്റാബേസ് ലഭ്യമാകും. 18 മുതൽ 25 വരെ വയസ്സുള്ളവർക്കാണ് പഠനത്തിനൊപ്പം ജോലിചെയ്യാൻ അവസരം ലഭിക്കുക. ഇതിലൂടെ ഓഫീസുകളിലെ ജോലിക്കുടിശ്ശിക പരിധിവരെ കുറയ്ക്കാനാകും. കോളേജിലെ പഠനസമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നരവരെയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അടുത്ത അധ്യയനവർഷംമുതൽ ഇത് നടപ്പാകും. ഉച്ചകഴിഞ്ഞ് ക്ലാസില്ലാത്തത് ജോലിക്കുപോകാൻ സഹായകരമാകും.
'പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയുടെ നോഡല്‍ വകുപ്പായി തൊഴിലും നൈപുണ്യവും വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. പഠനത്തോടൊപ്പം പാര്‍ട്ട്ടൈം ജോലികള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നത് ഭാവിയില്‍ അവര്‍ക്ക് തൊഴില്‍ പരിചയം നേടാനും തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും സഹായിക്കും. 18-നും 25-നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ സേവനമാണ് ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.' മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
