നിലവിൽ കഴിഞ്ഞവർഷം ഓൺലൈനായി രജിസ്റ്റർ ചെയ്ത് കാർഡ് ലഭിച്ചവരാണ് ഇത്തവണ പുതുക്കാൻ അപേക്ഷിക്കേണ്ടത്. ഓൺലൈൻ വഴി പുതുക്കിയില്ലെങ്കിൽ യാതൊരു കാരണവശാലും നിലവിലുള്ള അക്രഡിറ്റേഷൻ അടുത്തവർഷത്തേക്ക് പുതുക്കപ്പെടില്ല.
തിരുവനന്തപുരം: 2022-ലേക്ക് മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ Media/Journalist accreditation Renewal) പുതുക്കലിന് (റിന്യൂവൽ) ഓൺലൈനായി (online application) അപേക്ഷിക്കാം. അപേക്ഷ ഡിസംബർ 20 വരെ പി.ആർ.ഡി വെബ്‌സൈറ്റായ www.prd.kerala.gov.in മുഖേന സമർപ്പിക്കാം. അപേക്ഷ പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷിൽ മാത്രമാണ്. നിലവിൽ കഴിഞ്ഞവർഷം ഓൺലൈനായി രജിസ്റ്റർ ചെയ്ത് കാർഡ് ലഭിച്ചവരാണ് ഇത്തവണ പുതുക്കാൻ അപേക്ഷിക്കേണ്ടത്. ഓൺലൈൻ വഴി പുതുക്കിയില്ലെങ്കിൽ യാതൊരു കാരണവശാലും നിലവിലുള്ള അക്രഡിറ്റേഷൻ അടുത്തവർഷത്തേക്ക് പുതുക്കപ്പെടില്ല. നിലവിൽ ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്ക് പുതുക്കൽ സമയത്ത് പ്രൊഫൈലിൽ ആവശ്യമായ തിരുത്തലുകൾ (ഉണ്ടെങ്കിൽ) വരുത്താം.
ഫോട്ടോ, ഒപ്പ്, തസ്തിക, ജില്ല, വിലാസം തുടങ്ങിയ മാറ്റാൻ സൗകര്യമുണ്ട്. റിപ്പോർട്ടിംഗ് സംബന്ധമായ ജോലി ചെയ്യുന്നവർ മീഡിയ വിഭാഗത്തിലും എഡിറ്റോറിയൽ ജീവനക്കാർ ജേണലിസ്റ്റ് വിഭാഗത്തിലും പുതുക്കലിന് അപേക്ഷിക്കണം. രേഖപ്പെടുത്തിയ വിവരങ്ങൾ അപേക്ഷകന് പരിശോധിക്കുന്നതിനുള്ള പ്രിവ്യൂ ലഭ്യമാകും. തെറ്റില്ലെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് (കൺഫേം) ബട്ടൺ ക്ലിക്ക് ചെയ്താൽ അപേക്ഷ സമർപ്പിക്കപ്പെട്ടു കഴിയും.
ഇതിനു ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് മാധ്യമ സ്ഥാപനത്തിൽ ചുമതലപ്പെട്ടവരിൽ നിന്നും ഒപ്പും സീലും പതിപ്പിച്ച്, നിലവിൽ ഉള്ള കാർഡിന്റെ ഫോട്ടോ കോപ്പിസഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ 2021 ഡിസംബർ 20 നകം സമർപ്പിക്കണം. റിപ്പോർട്ടിംഗ് ജീവനക്കാർ ബ്യൂറോ ചീഫിന്റെയും എഡിറ്റോറിയൽ/ഡസ്‌കിലുള്ളവർ ചീഫ് എഡിറ്റർ/ന്യൂസ് എഡിറ്ററുടെയും ഒപ്പാണ് പ്രിന്റൗട്ടിൽ രേഖപ്പെടുത്തേണ്ടത്). പുതുക്കിയ കാർഡുകൾ ജില്ലാ ആഫീസുകളിൽ നിന്ന് ഡിസംബർ അവസാനദിവസങ്ങളിൽ വിതരണം ചെയ്ത് തുടങ്ങും. പഴയ കാർഡുകൾ തിരികെ നൽകിയാൽ മാത്രമേ പുതിയ കാർഡ് ലഭ്യമാകൂ.
ഓൺലൈനായി പുതുക്കൽ ഇങ്ങനെ നടത്താം
http://www.iiitmk.ac.in/iprd/login.php ലിങ്ക് വഴി സൈറ്റിൽ പ്രവേശിക്കുക. പി.ആർ.ഡി സൈറ്റായ www.prd.kerala.gov.in സൈറ്റിന്റെ ഹോം പേജിൽ നിന്നും പ്രവേശിക്കാനുള്ള ലിങ്കുണ്ട്. (ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം)
http://www.iiitmk.ac.in/iprd/login.php പേജിൽ നിലവിലെ അക്രഡിറ്റേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാനുള്ള പേജ് ലഭിക്കും. ഇതിൽ അക്രഡിറ്റേഷൻ നമ്പർ എന്ന കോളത്തിൽ നിലവിലെ (2021) കാർഡിലെ അക്രഡിറ്റേഷൻ നമ്പർ കാപ്പിറ്റൽ ലെറ്ററിൽ ടൈപ്പ് ചെയ്യണം. (ഉദാ: PRD/TVM/MA1000/2021)
കഴിഞ്ഞവർഷത്തെ പാസ്‍വേർഡ് ഓർമയില്ലാത്തവർ തൊട്ടുതാഴെയുള്ള 'ഫോർഗോട്ട് പാസ്‍വേർഡ്' ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ലഭ്യമാകുന്ന പേജിൽ അക്രഡിറ്റേഷൻ നമ്പർ മുഴുവനായി ടൈപ്പ് ചെയ്ത് 'റീസെറ്റ് പാസ്‍വേർഡ്' ക്ലിക്ക് ചെയ്താൽ പുതിയ പാസ്‍വേർഡ് നിങ്ങൾ ഈ പോർട്ടലിൽ കാർഡിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഇ-മെയിലിൽ വരും. (മെയിൽ ഇൻബോക്സിൽ ലഭിക്കാത്തവർ 'സ്പാം' ഫോൾഡർ കൂടി പരിശോധിക്കണം.)
ആ പാസ്‍വേർഡ് ഉപയോഗിച്ച് http://www.iiitmk.ac.in/iprd/login.php പേജിലൂടെ നിങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് നിങ്ങളുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാം.പ്രൊഫൈലിൽ പ്രവേശിച്ചാൽ മുകളിലുള്ള 'റിന്യൂ രജിസ്ട്രേഷനി'ൽ ക്ലിക്ക് ചെയ്താണ് അപ്ഡേഷൻ നടത്തേണ്ടത്. (പാസ്വേഡ് റീസെറ്റിംഗ് സംശയങ്ങൾ ഉണ്ടെങ്കിൽ 9744764171 എന്ന നമ്പരിൽ വിളിക്കുക.) നിങ്ങളുടെ വിലാസം, ഫോട്ടോ, ഒപ്പ് തുടങ്ങിയവ ആവശ്യമെങ്കിൽ അപ്ഡേറ്റ് ചെയ്യാനും അവസരമുണ്ട്. രേഖപ്പെടുത്തിയ വിവരങ്ങൾ അപേക്ഷകന് പരിശോധിക്കാൻ പ്രിവ്യൂ ലഭ്യമാകും. തെറ്റില്ലെന്ന് ഉറപ്പുവരുത്തി കൺഫേം ബട്ടൺ ക്ലിക്ക് ചെയ്താൽ അപേക്ഷ സമർപ്പിക്കപ്പെട്ടു കഴിയും. ഏതു ജില്ലയിലാണോ ജോലി ചെയ്യുന്നത് ആ ജില്ലയാണ് കോളത്തിൽ ചേർക്കേണ്ടത്. അതത് ജില്ലയിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കാണ് മേലധികാരിയുടെ ഒപ്പും സീലും ചേർത്ത് അപേക്ഷയുടെ പ്രിൻറ് ഔട്ട് നൽകേണ്ടത്. പ്രത്യേക ശ്രദ്ധയ്ക്ക്, ലോഗിൻ ചെയ്ത് നിലവിലുള്ള പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. പുതിയ രജിസ്ട്രേഷൻ നടത്തരുത്.
