Asianet News MalayalamAsianet News Malayalam

ഈ വിജയത്തിന് പത്തരമാറ്റ് തിളക്കം; ജെഇഇ പരീക്ഷയിൽ17ാം റാങ്കുമായി കനിഷ്ക ഇനി ഐഐടിയിൽ പഠിക്കും

മറ്റുള്ളവരുമായി ഒരു കാരണവശാലും തന്നെ താരതമ്യം ചെയ്യാതിരിക്കുക എന്നതായിരുന്നു ഈ പെൺകുട്ടിയുടെ രീതി. സ്വയം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുക. ഈ ശ്രമത്തിന്റെ ഭാഗമായി കൂടുതൽ കൂടുതൽ മാതൃകാ ചോദ്യപ്പേപ്പറുകൾ കനിഷ്ക സോൾവ് ചെയ്തു.

kanishka mittal topper in jee advanced examinaton
Author
Delhi, First Published Oct 7, 2020, 4:13 PM IST

ദില്ലി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ പെൺകുട്ടികളിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയിരിക്കുകയാണ് കനിഷ്ക മിത്തൽ എന്ന പെൺകുട്ടി. ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന അനൂജ് കുമാറിന്റെയും വീട്ടമ്മയായ സുചിത്ര മിത്തലിന്റെയും മകളാണ് കനിഷ്ക. സ്ഥിരോത്സാഹവും കഠിനപരിശ്രമവും ഉണ്ടെങ്കിൽ ഏത് വലിയ പരീക്ഷയെയും കടന്നു പോകാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ള ഈ കൊച്ചുമിടുക്കി. ഐഐടി പ്രവേശനം ആൺകുട്ടികൾക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് കൂടിയാണ് കനിഷ്കയുടെ ഈ വിജയം തെളിയിക്കുന്നത്. 

മൂത്ത സഹോദരന് എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയപ്പോഴാണ് കനിഷ്കയ്ക്കും എൻജിനീയറാകണമെന്ന മോഹം തുടങ്ങുന്നത്. കണക്കാണ് കനിഷ്കയുടെ ഇഷ്ടവിഷയം. എൻജീയറാകണമെന്ന് ചിന്തയ്ക്കൊപ്പം അത് ഐഐടിയിൽ നിന്ന് തന്നെയാകണം എന്നും ഈ പെൺകുട്ടി മനസ്സിൽ ഉറപ്പിച്ചു. ഇന്ത്യൻ എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും ഉന്നതമായ സ്ഥാപനങ്ങളാണ് ഐഐടികൾ. എന്നാൽ ഐഐടികളിൽ പെൺകുട്ടികൾ പഠിക്കാനെത്തുന്നത് വളരെ വിരളം. ഇതൊന്നും അനുഷ്കയെ തന്റെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല. അച്ഛനും അമ്മയും പൂർണ പിന്തുണ നൽകിയതോടെ അവൾ ഐഐടി ജെഇഇയ്ക്കുള്ള തീവ്രശ്രമങ്ങൾ തുടങ്ങി.

എൻജിനീയറിങ് പ്രവേശന പരീക്ഷാ കോച്ചിങ്ങിനു പ്രശസ്തമായ രാജസ്ഥാനിലെ കോട്ടയിലെത്തിയാണ് കനിഷ്ക പഠനം തുടങ്ങിയത്. കണക്ക് ഇഷ്ടവിഷയമായിരുന്നെങ്കിലും ഫിസിക്സ് കനിഷ്കയ്ക്ക് എളുപ്പമായിരുന്നില്ല. എന്നാൽ പരിശ്രമത്തിനൊടുവിൽ ഫിസിക്സിനെയും കനിഷ്ക കൈപ്പിടിയിലൊതുക്കി. മറ്റുള്ളവരുമായി ഒരു കാരണവശാലും തന്നെ താരതമ്യം ചെയ്യാതിരിക്കുക എന്നതായിരുന്നു ഈ പെൺകുട്ടിയുടെ രീതി. സ്വയം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുക. ഈ ശ്രമത്തിന്റെ ഭാഗമായി കൂടുതൽ കൂടുതൽ മാതൃകാ ചോദ്യപ്പേപ്പറുകൾ കനിഷ്ക സോൾവ് ചെയ്തു. പഠനത്തിനൊപ്പം പരിശീലനവും കൂടിയായതോടെ വിഷയങ്ങൾ ആഴത്തിൽ മനസ്സിൽ വേരോടിത്തുടങ്ങി.

കൃത്യമായ ഇടവേളകളിൽ ഗൃഹപാഠങ്ങൾ ചെയ്തു തീർത്തു. ഇതിനിടെ വന്ന ലോക്ഡൗണിന്റെ ഭാഗമായി പരീക്ഷാത്തീയതി മുന്നോട്ടു നീങ്ങിയെങ്കിലും ദിവസേന 8–10 മണിക്കൂർ പഠിച്ചു. മനസ്സിലുയർന്ന സംശയങ്ങൾ അപ്പോൾ തന്നെ കൂട്ടുകാരോടും അധ്യാപകരോടും ചോദിച്ചു പരിഹരിച്ചു. ഇന്റർനെറ്റിനെ ഫലപ്രദമായി ഉപയോഗിച്ചു. ഒടുവിൽ 396 മാർക്കിന്റെ പരീക്ഷയിൽ 315 മാർക്ക് കനിഷ്ക നേടി. ഓൾ ഇന്ത്യാ തലത്തിൽ 17ാം റാങ്ക്. ഇത്തവണ പരീക്ഷയിൽ യോഗ്യത നേടിയ 43204 വിദ്യാർഥികളിൽ ആറിലൊന്നു മാത്രമാണ് പെൺകുട്ടികളുടെ എണ്ണം എന്നതു കണക്കിലെടുക്കുമ്പോഴാണ് അനുഷ്കയുടെ നേട്ടത്തിന്റെ മഹത്വം മനസ്സിലാക്കുന്നത്. വായിക്കാനും വരയ്ക്കാനും ഇഷ്ടപ്പെടുന്ന കനിഷ്ക ഈ ശീലങ്ങളെല്ലാം പരീക്ഷയ്ക്കായി മാറ്റി വച്ചാണ് ഈ നേട്ടത്തിലേക്ക് നടന്നെത്തിയത്. 

Follow Us:
Download App:
  • android
  • ios