കെ.എ.എസ്. പ്രാഥമിക പരീക്ഷയുടെ മൂല്യനിര്‍ണയം പുനരാരംഭിച്ചു. മേയ് ആദ്യവാരം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. മേയില്‍തന്നെ വിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാനായേക്കും. സമയബന്ധിതമായി മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 

കഴിഞ്ഞ മാസം മൂല്യനിര്‍ണയത്തിന്റെ പ്രാഥമിക ജോലികള്‍ ആരംഭിച്ചെങ്കിലും തുടരാനായില്ല. കോവിഡ് പ്രതിരോധത്തിന്റ ഭാഗമായി അടച്ചിടല്‍ പ്രഖ്യാപിച്ചതാണ് കാരണം. ഉത്തരക്കടലാസിന്റെ എ, ബി ഭാഗങ്ങള്‍ വേര്‍പെടുത്തുന്നതാണ് പ്രാഥമിക ജോലി. ഇത് ജീവനക്കാര്‍ തന്നെയാണ് ചെയ്യുന്നത്. അതിനുശേഷം രണ്ട് ഭാഗങ്ങളും കംപ്യൂട്ടറിന്റെ പരിശോധനയ്ക്ക് അയയ്ക്കും. ഉത്തരങ്ങള്‍ അടയാളപ്പെടുത്തിയ ബി ഭാഗം വ്യത്യസ്ത കംപ്യൂട്ടറുകളിലായി രണ്ടുതവണ മു ല്യനിര്‍ണയത്തിന് വിധേയമാക്കും. വ്യത്യസ്ത മാര്‍ക്കുകള്‍ രേഖപ്പെടുത്തിയാല്‍ ആ ഉത്തരക്കടലാസ്  വീണ്ടും പരിശോധിച്ച് യഥാര്‍ഥ മാര്‍ക്ക് ഉറപ്പാക്കും.

മൂന്നരലക്ഷം പേരെഴുതിയതിനാല്‍ ഉത്തര ക്കടലാസുകള്‍ ഏഴുലക്ഷം പരിശോധനകള്‍ക്ക് വിധേയമാക്കണം. രണ്ട് പേപ്പറുകളുള്ളതിനാല്‍ മൊത്തം പരിശോധന 14 ലക്ഷമാകും. ഉത്തരക്ക ടലാസ് എ വിഭാഗത്തിന്റെ കൂടി പരിശോധന ചേര്‍ത്താല്‍ 17.50 ലക്ഷം പരിശോധനകള്‍ കെ.എ. എസ്. പ്രാഥമിക പരീക്ഷയ്ക്ക് മാത്രമായി നടത്തണം. 

അടച്ചിടലായതിനാല്‍ പി.എസ്.സിയുടെ മൂല്യ നിര്‍ണയ വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ല. 15-ഓളം പേരെ പ്രത്യേകം നിയോഗിച്ചാണ് മുല്യനിര്‍ണയത്തിനുള്ള നടപടികള്‍ വീണ്ടും ആരംഭിച്ചത്. ഇവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാണ് മേയ് പകുതിയിലെങ്കിലും വിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ പരിശ്രമിക്കുന്നത്. മൂന്ന് കാറ്റഗറി കളിലായി 6000-ത്തോളം പേരുടെ പട്ടികയായിരിക്കും പ്രസിദ്ധീകരിക്കുന്നത്.