തിരുവനന്തപുരം: കേരള ഭരണ സര്‍വീസിലേക്കുള്ള ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള കെ.എ.എസ് മെയിന്‍ പരീക്ഷ ജൂലായില്‍ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു. വിവരണാത്മക രീതിയില്‍ രണ്ടുദിവസമായാണ് പരീക്ഷ നടത്തുക. പ്രാഥമിക പരീക്ഷയുടെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും. ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷ എഴുതാനുള്ള അര്‍ഹതയുണ്ടായിരിക്കും. പരീക്ഷയുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട് തീരുമാനിക്കുമെന്നും പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്.

മെയിന്‍ പരീക്ഷയ്ക്കായി നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സിലബസ് പ്രകാരമായിരിക്കും പരീക്ഷ നടത്തുക.  100 മാര്‍ക്ക് വീതമുള്ള മൂന്നു പേപ്പറുകള്‍ പരീക്ഷയ്ക്ക് ഉണ്ടാകും. അഭിമുഖം 50 മാര്‍ക്കിന്. മുഖ്യപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള മാര്‍ക്ക് കണക്കിലെടുത്താണ് റാങ്ക്പട്ടിക തയ്യാറാക്കുക