തിരുവനന്തപുരം: കേരള ഫെഡിലും ഉന്നത തസ്തികകളില്‍ വഴിവിട്ട നിയമനത്തിന് നീക്കം. നിയമനങ്ങളെല്ലാം പിഎസ്‌സിക്കു വിടാനുള്ള തീരുമാനം നിലനിൽക്കേയാണ് തിരക്ക് പിടിച്ച് സ്വന്തം നിലക്ക് നിയമനങ്ങള്‍ നൽകാനുള്ള നീക്കം നടത്തുന്നത്. കൃഷി വകുപ്പിന് കീഴിലുള്ള കേരള ഫെഡിലെ നിയമങ്ങള്‍ പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചിട്ട് 20 വ‍ർഷമായി. 

പിഎസ്‌സി 2001 ലെ സ്പെഷ്യൽ റൂൾ അംഗീകരിച്ചുവെങ്കിലും ഇതുപ്രകാരം സർക്കാരോ കേരള ഫെഡോ തുടർനടപടികൾ സ്വീകരിച്ചില്ല. ഇതിനിടെ സ്ഥാപനത്തിന്റെ സുപ്രധാന തസ്തികയിലുള്ള പലരും വിമരിച്ചു. അപ്പോഴും സ്പെഷ്യൽ റൂളുണ്ടാക്കി നിയമനങ്ങള്‍ പിഎസ്സിക്ക് വിടാൻ കേരള ഫെഡ് തയ്യാറായില്ല. സ്പെഷ്യൽ റൂൾ ആവശ്യപ്പെട്ട് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെ അടുത്തിനിടെ സ്പെഷ്യൽ റൂളിൽ മാറ്റംവരുത്തി അംഗീകരം നേടാനുള്ള നീക്കം തുടങ്ങി. ഇതിനിടെയാണ് സുപ്രധാന തസ്തികളിലേക്ക് പരസ്യം നൽകിയ അപേക്ഷ ക്ഷണിച്ച് അഭിമുഖവും റാങ്ക് പട്ടികയും തയ്യാറാക്കിയത്. 

സീനിയർ മാനേജർ, അസി.മാജേർ തുടങ്ങിയ ഏഴ് സുപ്രധാന തസ്തികളിലേക്ക് നിയമനം നൽകാനാണ് നീക്കം. ഇൻറർവ്യൂ ബോർഡിൽ സർക്കാർ പ്രതിനിധി ഉണ്ടാകണമെന്നാണ് ചട്ടം. കേരള ഫെഡിൻറെ രജിസ്ട്രാറർ കൂടിയായ കൃഷിവകുപ്പ് ഡയറക്ടറോ കാർഷികോൽപ്പാദന കമ്മീഷണറോ അറിയാതെയാണ് അഭിമുഖവും റാങ്ക് പട്ടികയുമെല്ലാം തയ്യാറാക്കിയതെന്നാണ് ആക്ഷേപം. 

കഴിഞ്ഞ ഏഴിന് ചേരാനിരുന്ന ഭരണ സമിതി നിയമനങ്ങള്‍ക്ക് അന്തിമ തീരുമാനം നൽകാനിരുന്നുവെങ്കിലും ലോക്ഡൗണ്‍ കാരണം മാറ്റിവച്ചു. സ്പെഷ്യല്‍ റൂള്‍ വരുന്നതുവരെ സൂപ്രധാന തസ്തികയിലേക്കുള്ള നിയമനങ്ങള്‍ വൈകിക്കാനാകില്ലെന്നും, താത്കാലിക നിയമനങ്ങള്‍ മാത്രമാണിതെന്നുമാണ് കേരള ഫെഡ‍് എംഡി എൻ രവികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എന്നാൽ സ്പെഷ്യൽ റൂള്‍വരുന്ന മുറക്ക് ഇപ്പോള്‍ നടത്തുന്ന താത്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് അണിയറിയിൽ നടക്കുന്നതെന്നാണ് ഒരു വിഭാഗം ജീവനക്കാരുടെ ആക്ഷേപം. താത്കാലിക നിയമനാണെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി എന്തുകൊണ്ട് ഉദ്യോഗാർത്ഥികളെ കണ്ടെത്തിയില്ല, സർക്കാരിൽ നിന്നും എന്തുകൊണ്ട് അനുമതി വാങ്ങിയില്ല തുടങ്ങിയ സംശയകളും ബാക്കിയാകുന്നു.