തിരുവനന്തപുരം: ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി. എറണാകുളം, മഞ്ചേരി, കോട്ടയം, കൊല്ലം, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജുകൾ, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ എംബിബിഎസ്‌ പ്രാക്ടിക്കൽ പരീക്ഷകളാണ് മാറ്റിയത്.

കൊവിഡ് പ്രതിസന്ധിക്കിടെ ആരോ​ഗ്യ സർവകലാശാല വിദ്യാർത്ഥികളുടെ പരീക്ഷ നടത്താൻ തീരുമാനിച്ചത് വലിയ എതിർപ്പുകൾക്കിടയാക്കിയിരുന്നു. പരീക്ഷാ അറിയിപ്പ് വളരെ താമസിച്ചാണ് ലഭിച്ചതെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. പല സംസ്ഥാനങ്ങളിലും വി​ദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്. പലരും കണ്ടെയിൻമെന്റ് സോണുകളിൽ നിന്ന് വരേണ്ടവരാണ്. ഇവർക്കൊന്നും പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരാനായിട്ടില്ല. 

ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതും വലിയ പ്രതിസന്ധിയ്ക്കിടയാക്കിയിരുന്നു. പല ഹോസ്റ്റലുകളും നിലവിൽ ക്വാറന്റൈൻ കേന്ദ്രങ്ങളാണ്. അങ്ങനെയൊരു അവസ്ഥയിൽ ഹോസ്റ്റലിൽ താമസിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് കഴിയില്ല. പലരുടെയും പുസ്തകങ്ങളും പഠനസാമ​ഗ്രികളും ഉൾപ്പടെയുള്ളവ ഹോസ്റ്റൽ മുറികളിലായിപ്പോയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.